കോഴിക്കോട് കൊടുവള്ളി പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടറുടെ പിറന്നാൾ ആഘോഷിച്ച സംഭവം വിവാദത്തിൽ. ആഘോഷത്തിൻ്റെ വീഡിയോ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തുവന്നത്. പിന്നാലെ, ഇൻസ്പെക്ടർ കെ.പി. അഭിലാഷിന് വീഴ്ച സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്തിറക്കി. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാവുകയാണ്.
'ഹാപ്പി ബർത്ത് ഡെ ബോസ്' എന്ന തലക്കെട്ടോടെയാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി.സി. ഫിജാസ് വീഡിയോ പങ്കുവെച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സ്പെഷ്യൽ ബ്രാഞ്ച് വിഷയത്തിൽ ഇടപെടുകയായിരുന്നു. സംഭവത്തിൽ ചട്ടലംഘനം നടന്നതായി സ്പെഷ്യൽ ബ്രാഞ്ച് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് താമരശ്ശേരി ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്. ഇൻസ്പെക്ടർ കെ.പി. അഭിലാഷിനെതിരെ നടപടിയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.
English summary:
Birthday celebration of inspector led by Youth Congress workers at Koduvalli station; Special Branch initiates inquiry following controversy.