Image

കേരളാതീരത്ത് കത്തിയമർന്ന ചരക്കുകപ്പലിൽ 157 കണ്ടെയ്‌നറുകളില്‍ അത്യന്തം അപകടരമായ കീടനാശിനിയും വിഷപദാർഥങ്ങളും

രഞ്ജിനി രാമചന്ദ്രൻ Published on 10 June, 2025
കേരളാതീരത്ത് കത്തിയമർന്ന ചരക്കുകപ്പലിൽ 157 കണ്ടെയ്‌നറുകളില്‍ അത്യന്തം അപകടരമായ കീടനാശിനിയും വിഷപദാർഥങ്ങളും

കേരള സമുദ്രാതിർത്തിയിൽ കത്തിയമർന്ന ചരക്കുകപ്പലിൽ അത്യന്തം അപകടകരവും പരിസ്ഥിതിക്ക് ദോഷകരവുമായ വിഷവസ്തുക്കളുണ്ടായിരുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മാരിടൈം ഓർഗനൈസേഷൻ പ്രകാരം ക്ലാസ് 6(1) വിഭാഗത്തിൽപ്പെടുന്ന കീടനാശിനികളാണ് കപ്പലിൽ പ്രധാനമായും ഉണ്ടായിരുന്നത്. എന്നാൽ, തീപിടിത്തത്തിൽ ഏതൊക്കെ കണ്ടെയ്‌നറുകളാണ് കടലിൽ വീണതെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കാനായിട്ടില്ല. ഇത് സ്ഥിതിയുടെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.

കപ്പലിൽ ഉണ്ടായിരുന്ന പ്രധാന അപകടകരമായ വസ്തുക്കളുടെ പട്ടിക ആശങ്കയുണ്ടാക്കുന്നതാണ്. 40 കണ്ടെയ്‌നറുകളിലായി എഥനോൾ, പെയിന്റ്, ടർപന്റൈൻ, പ്രിന്റിങ് ഇങ്ക്, ഈതൈൽ മീഥൈൽ കീറ്റോൺ തുടങ്ങിയ തീപിടിക്കാവുന്ന ദ്രാവകങ്ങൾ (ക്ലാസ് 3) ഉണ്ടായിരുന്നു. കൂടാതെ, വായുസമ്പർക്കമുണ്ടായാൽ തീപിടിക്കുന്ന 4900 കിലോഗ്രാം രാസവസ്തുക്കളും ഒരു കണ്ടെയ്‌നറിൽ സൂക്ഷിച്ചിരുന്നു. ആകെ 157 കണ്ടെയ്‌നറുകളിലാണ് അത്യന്തം അപകടകാരിയായ ഉൽപ്പന്നങ്ങൾ ഉണ്ടായിരുന്നത്. 20 കണ്ടെയ്‌നറുകളിൽ 1.83 ലക്ഷം കിലോഗ്രാം ബൈപൈറിഡിലിയം കീടനാശിനിയും ഒരു കണ്ടെയ്‌നറിൽ 27,786 കിലോഗ്രാം ഈതൈൽ ക്ലോറോഫോർമേറ്റ് എന്ന മറ്റൊരു കീടനാശിനിയും ഉണ്ടായിരുന്നു. കാർഗോ മാനിഫെസ്റ്റോ പ്രകാരം, ഡൈമീതൈൽ സൾഫേറ്റ്, ഹെക്സാമെതിലിൻ ഡൈസോ സയനേറ്റ് പോലുള്ള ജീവനാശ ഭീഷണി ഉയർത്തുന്ന മറ്റ് കീടനാശിനികളും രാസവസ്തുക്കളും കണ്ടെയ്‌നറുകളിലുണ്ടായിരുന്നു. സിങ്ക് ഓക്സൈഡ് (20,340 കിലോ), ട്രൈ ക്ലോറോ ബൻസീൻ (2,08,000 കിലോ), മീഥൈൽ ഫിനോൾ (28,826 കിലോ) തുടങ്ങിയവയും ഈ കണ്ടെയ്‌നറുകളിൽ ഉൾപ്പെടുന്നു.

ഈ രാസവസ്തുക്കളിൽ പലതും മനുഷ്യശരീരത്തിലെത്തിയാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും പരിസ്ഥിതിക്ക് ദീർഘകാല നാശമുണ്ടാക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എറണാകുളം, തൃശൂർ ജില്ലകളിലെ കടലോരങ്ങളിൽ ഈ കണ്ടെയ്‌നറുകൾ അടിയാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുള്ളതിനാൽ, തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഈ രാസവസ്തുക്കൾ കടലിൽ കലരുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കും മത്സ്യസമ്പത്തിന്റെ നാശത്തിനും ഇടയാക്കുമെന്ന ആശങ്കയും നിലവിലുണ്ട്.

 

 

 

English summary:

The cargo ship that caught fire off the Kerala coast was carrying highly hazardous pesticides and toxic substances in 157 containers.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക