Image

വിദ്യാജ്യോതി പദ്ധതിക്ക് തുടക്കമായി: പാപ്പനംകോട് ഹൈസ്കൂളിൽ പഠനോപകരണ വിതരണം നടത്തി മന്ത്രി വി. ശിവൻകുട്ടി

രഞ്ജിനി രാമചന്ദ്രൻ Published on 10 June, 2025
വിദ്യാജ്യോതി പദ്ധതിക്ക് തുടക്കമായി: പാപ്പനംകോട് ഹൈസ്കൂളിൽ പഠനോപകരണ വിതരണം നടത്തി മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: വിശ്വപ്രഭ ലൈബ്രറിയുടെയും ഗ്ലോബൽ കേരളം ഇനിഷ്യേറ്റീവ് കേരളീയത്തിന്റെയും  സംയുക്ത ആഭിമുഖ്യത്തിൽ 'വിദ്യാജ്യോതി' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പാപ്പനംകോട് ഹൈസ്കൂളിൽ പഠനോപകരണ വിതരണം വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി നിർവഹിച്ചു. 2025 ഫെബ്രുവരി 9, തിങ്കളാഴ്ച രാവിലെ 9:30-നായിരുന്നു ചടങ്ങ്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിൽ തുല്യ അവസരങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'വിദ്യാജ്യോതി' പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഗുണമേന്മയുള്ള പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ ഇത് സഹായകമാവുമെന്ന് സംഘാടകർ അറിയിച്ചു. ഇതിനോടനുബന്ധിച്ചു ഭിന്നശേഷിക്കാരായ വിദ്യാർഥികൾ, HIV ബാധിതരായ വിദ്യാർഥികൾ പഠിക്കുന്ന വിവിധ ബഡ്‌സ് വിദ്യാലയങ്ങളിലുള്ള 699 കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.

പ്രസ്തുത പരിപാടിയിൽ കേരളീയം ലെയ്സൺ സെക്രട്ടറി ലാലു ജോസഫ്  മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ സൗമ്യ മോഹൻ, കേരളീയം ട്രഷറർ ജി. അജയകുമാർ, കേരളീയം സെക്രട്ടറി ജനറൽ എൻ. ആർ. ഹരികുമാർ, പ്രോജെക്ട് ഡയറക്ടർ ആർ. എസ് ശശികുമാർ, വിശ്വപ്രഭ ലൈബ്രറി അംഗം ആർ. ആർ. സതികുമാർ, ഹെഡ്മിസ്ട്രസ് ഇൻ ചാർജ്, അധ്യാപകർ, പി.ടി.എ. പ്രതിനിധികൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. മന്ത്രി വി. ശിവൻകുട്ടി പഠനോപകരണങ്ങൾ വിതരണം ചെയ്ത ശേഷം വിദ്യാർത്ഥികളുമായി സംവദിച്ചു. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മന്ത്രി, ഇത്തരം പദ്ധതികൾ വിദ്യാർത്ഥികൾക്ക് വലിയ പ്രോത്സാഹനമാകുമെന്ന് അഭിപ്രായപ്പെട്ടു. സമൂഹത്തിൻ്റെ എല്ലാ വിഭാഗങ്ങളിലുമുള്ള കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാജ്യോതി പദ്ധതിയുടെ ഭാഗമായി കൂടുതൽ വിദ്യാലയങ്ങളിലേക്ക് പഠനോപകരണ വിതരണം വ്യാപിപ്പിക്കാനും സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് തുടർന്നും പിന്തുണ നൽകാനും സംഘാടകർക്ക് പദ്ധതിയുണ്ട്.

 

 

English summary:

Study materials were distributed through the 'Vidyajyothi' scheme
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക