അഹമ്മദാബാദ് വിമാന അപകടവും ഇറാൻ-ഇസ്രയേൽ സംഘർഷവും കാരണം എയർ ഇന്ത്യയുടെ വിമാന ബുക്കിംഗിൽ കാര്യമായ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ആറ് ദിവസത്തിനിടെ ബുക്കിംഗിൽ 30-35 ശതമാനം കുറവുണ്ടായതായി റിപ്പോർട്ട്. കൂടാതെ, നിലവിലുള്ള ബുക്കിംഗുകളിൽ 20 ശതമാനത്തോളം റദ്ദാക്കലുകളുമുണ്ടായി.
ഇറാൻ-ഇസ്രയേൽ സംഘർഷം രാജ്യാന്തര സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ നിന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള വിമാനങ്ങൾ നിലവിൽ ഇറാൻ വ്യോമാതിർത്തിയാണ് ഉപയോഗിക്കുന്നത്. പാകിസ്ഥാൻ വ്യോമാതിർത്തിയിൽ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കുള്ള സാഹചര്യത്തിൽ, ഇറാന്റെ ആകാശത്തും യാത്രാവിലക്ക് വന്നാൽ ദുബായ്-അബുദാബി വ്യോമാതിർത്തിയിൽ കടുത്ത തിരക്ക് അനുഭവപ്പെടുന്നത് ഇന്ത്യൻ വിമാനക്കമ്പനികളെ സർവീസുകൾ റദ്ദാക്കാൻ നിർബന്ധിതരാക്കുന്നു.
അഹമ്മദാബാദിലെ വിമാന അപകടം ആഭ്യന്തര സർവീസുകളുടെ ബുക്കിംഗിനെയും ബാധിച്ചു. ബുധനാഴ്ച മുതൽ യുഎസ്, യൂറോപ്പ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള 15 ശതമാനം എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ആറ് ദിവസത്തിനുള്ളിൽ മൊത്തം 83 സർവീസുകളാണ് റദ്ദാക്കിയത്. ഇത് യാത്രക്കാരുടെ യാത്രാ പദ്ധതികളെ താളംതെറ്റിച്ചു. രാജ്യാന്തര സർവീസുകളായതിനാൽ മറ്റ് എയർലൈനുകളിലേക്ക് ബുക്കിംഗ് മാറ്റുമ്പോൾ തുകയിൽ വലിയ വ്യത്യാസം വരുന്നുണ്ട്. എയർ ഇന്ത്യ ഫുൾ റീഫണ്ടും റീ-ബുക്കിംഗ് ഓപ്ഷനും നൽകുന്നുണ്ടെങ്കിലും, യാത്രക്കാർക്ക് ഇത് എത്രത്തോളം ആശ്വാസമാകുമെന്ന് കണ്ടറിയണം. ഇറാൻ സംഘർഷത്തെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഷാർജ-കൊച്ചി, ഷാർജ-കണ്ണൂർ, ഷാർജ-മംഗളൂരു സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
English summary:
Ahmedabad accident: Major setback for Air India, sharp decline in bookings.