മാരകരോഗികളായ മുതിര്‍ന്നവര്‍ക്ക് സ്വയം ജീവിതം അവസാനിപ്പിക്കാന്‍ (ദയാവധം) അനുവദിക്കുന്ന ബില്ലിനെ പിന്തുണച്ച് യുകെ പാര്‍ലമെന്റ്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും മാരകരോഗികളായ മുതിര്‍ന്നവരെ നിയമപരമായി ജീവിതം അവസാനിപ്പിക്കാന്‍ അനുവദിക്കണമോ എന്ന കാര്യത്തില്‍ ആണ് ബ്രിട്ടീഷ് നിയമനിര്‍മ്മാതാക്കള്‍ ചരിത്രപരമായ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ലേബര്‍ എംപി കിം ലീഡ്ബീറ്റര്‍ മുന്നോട്ടുവച്ച ടെര്‍മിനലി ഇല്‍ അഡല്‍റ്റ്‌സ് ബില്‍, യുകെ ജീവിതാവസാന പരിചരണത്തെയും വ്യക്തിഗത സ്വയംഭരണത്തെയും സമീപിക്കുന്ന രീതിയെ പുനര്‍നിര്‍വചിക്കും. ബില്‍ ഇപ്പോള്‍ ഹൗസ് ഓഫ് കോമണ്‍സില്‍ അതിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കി. വോട്ടെടുപ്പിന് മുമ്പ്, എംപിമാര്‍ ബില്ലിനെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ച് ഏകദേശം മൂന്ന് മണിക്കൂര്‍ ചര്‍ച്ച നടത്തി.
രണ്ടാം വായനയ്ക്ക് ശേഷം വരുത്തിയ ഭേദഗതികള്‍ സമൂഹത്തിലെ ദുര്‍ബലരായ അംഗങ്ങളുടെ സുരക്ഷാ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ബില്ലിനെ എതിര്‍ത്തവര്‍ അവകാശപ്പെട്ടു. എന്നാല്‍ മാരകരോഗികള്‍ക്ക് എങ്ങനെ, എപ്പോള്‍ അന്തസോടെ മരിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അധികാരം തിരികെ നല്‍കുക എന്നതാണ് നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണത്തിന്റെ ലക്ഷ്യമെന്ന് ബില്ലിനെ പിന്തുണച്ചവര്‍ വാദിച്ചു. 314 എംപിമാര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 291 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. 23 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബില്ല് പാസായത്. 1967-ല്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയതിനുശേഷം യുകെയില്‍ സംഭവിക്കുന്ന ഏറ്റവും വലിയ സാമൂഹിക നയ മാറ്റമായിരിക്കും ഇത്.