കുളക്കട കിഴക്ക് തുരുത്തിലമ്പലം കവലയിലെ അനിതയുടെ ചായക്കടയിൽ ബുൾസൈ ഉണ്ടാക്കാൻ ഉപയോഗിച്ച മുട്ട പ്ലാസ്റ്റിക്കിന് സമാനമായ നിലയിൽ കണ്ടെത്തിയത് പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു. ഇന്നലെ രാവിലെ കടയിലെത്തിയ ഒരാൾക്ക് ബുൾസൈ ഉണ്ടാക്കി നൽകിയപ്പോഴാണ് മുട്ടയുടെ ഈ അസ്വാഭാവിക സ്വഭാവം ശ്രദ്ധയിൽപ്പെട്ടത്.
ബുൾസൈ തയ്യാറാക്കിയ ഉടൻതന്നെ, മുട്ടയുടെ വെള്ളഭാഗം പൂർണ്ണമായും പ്ലാസ്റ്റിക്കിന് തുല്യമായി മാറുകയായിരുന്നു. മഞ്ഞക്കരു സാധാരണപോലെയായിരുന്നെങ്കിലും, ബാക്കിയുള്ള ഭാഗം പ്ലാസ്റ്റിക് പോലെ വലിയുകയും ചവയ്ക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. രുചിയിലും മുട്ടയുടെ സാധാരണ രുചി ഉണ്ടായിരുന്നില്ല. പിന്നീട് ഇതേ രീതിയിൽ രണ്ട് മുട്ടകൾ കൂടി ബുൾസൈയാക്കി നോക്കിയപ്പോഴും സമാനമായ അനുഭവം ആവർത്തിച്ചു. വാഹനത്തിൽ കൊണ്ടുവന്ന് വിതരണം ചെയ്ത മുട്ടകളിലാണ് ഈ അസ്വാഭാവികത കണ്ടെത്തിയതെന്ന് കടയുടമ അനിത പറഞ്ഞു. ശേഷിക്കുന്ന മുട്ടകൾ നിലവിൽ ഉപയോഗിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്.
English summary:
Plastic egg in bullseye at tea shop in Kulakkada; shop owner shocked