ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (എ.ഐ.) വർദ്ധിച്ചുവരുന്ന സ്വാധീനം തൊഴിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനിടെ, അമേരിക്കയിലെ തങ്ങളുടെ ഓഫീസുകളിലെ ആയിരക്കണക്കിന് ജീവനക്കാരെ സ്ഥലം മാറ്റിക്കൊണ്ട് ആമസോൺ ഉത്തരവിറക്കി. വാഷിംഗ്ടൺ, ആർലിംഗ്ടൺ, സിയാറ്റിൽ തുടങ്ങിയ നഗരങ്ങളിലേക്കാണ് പ്രധാനമായും മാറ്റം. ചില ജീവനക്കാർക്ക് മറ്റൊരു രാജ്യത്തേക്കും സ്ഥലം മാറ്റം ലഭിച്ചിട്ടുണ്ട്.
ഓരോ തൊഴിലാളിക്കും നേരിട്ടാണ് സ്ഥലം മാറ്റത്തെക്കുറിച്ചുള്ള അറിയിപ്പ് നൽകിയതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. സ്ഥലം മാറ്റം സ്വീകരിക്കണോ അതോ രാജി വെക്കണോ എന്ന് തീരുമാനിക്കാൻ 30 ദിവസത്തെ സമയമാണ് കമ്പനി ജീവനക്കാർക്ക് നൽകിയിരിക്കുന്നത്. കമ്പനിയുടെ നിലവിലെ ഈ നയം, കുടുംബജീവിതം നയിക്കുന്ന മിഡ്-കരിയർ പ്രൊഫഷണലുകളെ കാര്യമായി ബാധിക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ മറ്റൊരു സ്ഥലത്തേക്ക് താമസം മാറുന്നത് അവർക്ക് വലിയ വെല്ലുവിളിയായിരിക്കും.
ഈ സ്ഥലം മാറ്റ പ്രഖ്യാപനം കാരണം നിരവധി ജീവനക്കാർ രാജി വെക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇത് പിരിച്ചുവിടൽ നടപടിയേക്കാൾ എളുപ്പത്തിൽ കമ്പനിയുടെ പ്രവർത്തനച്ചെലവ് കുറയ്ക്കാൻ ആമസോണിനെ സഹായിക്കുമെന്നും സൂചനയുണ്ട്. വരും വർഷങ്ങളിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ എ.ഐ. സാന്നിധ്യം ഉറപ്പാക്കുമെന്ന് ആമസോൺ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആന്റി ജസ്സി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
English summary:
AI Takeover: Amazon Relocates Thousands of Employees; Workers Worried