ചൈനയിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗസംഖ്യ 100 ദശലക്ഷം കടന്നതായി റിപ്പോർട്ട്. 1921-ൽ സ്ഥാപിതമായ സിപിസിയിൽ 2024 അവസാനത്തോടെ 100.27 ദശലക്ഷത്തിലധികം അംഗങ്ങളുണ്ടായിരുന്നു. 2023-നെ അപേക്ഷിച്ച് ഏകദേശം 1.09 ദശലക്ഷം അംഗങ്ങളുടെ വർധനവാണ് ഉണ്ടായതെന്ന് സിപിസിയുടെ കേന്ദ്ര സംഘടനാ വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
2024 അവസാനത്തോടെ സിപിസിയിൽ 5.25 ദശലക്ഷം പ്രാഥമിക തല സ്ഥാപനങ്ങളുണ്ടായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 74,000 ത്തിന്റെ വർധനവാണിത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നയിക്കുന്ന സിപിസി, അധികാരത്തിലുള്ള ചുരുക്കം ചില കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ഒന്നാണ്. വിയറ്റ്നാം, ലാവോസ്, ക്യൂബ, ഉത്തര കൊറിയ എന്നിവ ഭരിക്കുന്നത് മാർക്സിസത്തോടും സോഷ്യലിസത്തോടും പ്രത്യയശാസ്ത്രപരമായ ബന്ധം അവകാശപ്പെടുന്ന പാർട്ടികളാണ്.
സിപിസിയിൽ ഏകദേശം 31 ദശലക്ഷം സ്ത്രീ അംഗങ്ങളാണുള്ളത്. മൊത്തം അംഗത്വത്തിന്റെ 30.9 ശതമാനം ആണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.5 ശതമാനം വർധനവാണ് ഉണ്ടായതെന്ന് സിൻഹുവ റിപ്പോർട്ട് ചെയ്തു