Image

ജെഎസ്കെ വിവാദം: ജാനകി എന്ന പേരു നൽകുന്നതിൽ എന്താണ് പ്രശ്നം? കലാകാരന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

Published on 30 June, 2025
ജെഎസ്കെ വിവാദം: ജാനകി എന്ന പേരു നൽകുന്നതിൽ എന്താണ് പ്രശ്നം? കലാകാരന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: സുരേഷ് ഗോപി നായകനായ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേരിലെ ജാനകി എന്ന പേരു മാറ്റണമെന്ന് നിർദേശിക്കാൻ വ്യക്തമായ കാരണങ്ങളുണ്ടെങ്കിൽ അത് ബോധിപ്പിക്കാൻ സെൻസർ ബോർഡിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. ‘ജെ.എസ്.കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പ്രദർശന അനുമതിയുമായി ബന്ധപ്പെട്ട് വിമർശനം തുടർന്നുകൊണ്ടാണ് കോടതി ഇക്കാര്യം നിർദേശിച്ചത്. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും സിനിമയ്ക്കും കഥാപാത്രത്തിനും ജാനകി എന്ന പേരു നൽകുന്നതിൽ എന്താണ് പ്രശ്നമെന്നും അറിയിക്കാന്‍ ജസ്റ്റിസ് എൻ.നഗരേഷ് സെൻസർ ബോർഡിനോട് നിർദേശിച്ചു.

സിനിമയുടെ പ്രമേയം എന്തായിരിക്കണമെന്നും പേര് എന്തായിരിക്കണമെന്നുമൊക്കെ കലാകാരനോട് സെൻസർ ബോർഡ് നിർദേശിക്കുകയാണോയെന്നും കോടതി ചോദിച്ചു. മത, ജാതി, വംശപരമായ വിദ്വേഷ പരാമർശങ്ങൾ പാടില്ലെന്ന് ഫിലിം സർട്ടിഫൈ ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങളിൽ പറയുന്നുണ്ടെന്ന വാദമാണ് ഇന്നും സെൻസർ ബോർഡ് കോടതിയിൽ ഉയർത്തിയത്. ജാനകി എന്ന പേര് എങ്ങനെയാണ് അവഹേളനമാകുന്നതെന്ന് കോടതി ചോദിച്ചു. സംസ്കാരവുമായി ബന്ധപ്പെട്ടത് എന്നായിരുന്നു സെൻസർ ബോർഡ് മറുപടി നൽകിയത്.

എന്നാൽ ഇന്ത്യയിലെ ഭൂരിഭാഗം പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരുകളാണ്. അത് ഹിന്ദുവാണെങ്കിലും ക്രൈസ്തവരാണെങ്കിലും മുസ്‍ലിമാണെങ്കിലും 80 ശതമാനം പേരുകള്‍ക്കും അതുണ്ട്. സിനിമയ്ക്ക് പേരിടുന്നത് കലാകാരന്റെ സ്വാതന്ത്ര്യമാണെന്നും കോടതി പറഞ്ഞു. ‘നിക്ഷ്പക്ഷ’മായ ഒരു പേര് ഇടാമല്ലോ എന്നാണ് സെൻസർ ബോർഡ് ഇതിന് മറുപടിയായി പറഞ്ഞത്. എന്നാൽ എന്തു പേരിടണമെന്നും എന്തായിരിക്കണം ആശയം എന്നൊക്കെ നിങ്ങള്‍ നിർദേശിക്കുകയാണോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. അത് കലാകാരന്റെ സ്വാതന്ത്ര്യമാണ്, നിങ്ങൾക്കതിൽ ഇടപെടാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

ചിത്രത്തിലെ നായികയുടെ പേരാണ് ജാനകി എന്നും നായിക ബലാത്സംഗ അതിജീവിതയാണെന്നും നിർമാണക്കമ്പനി കോടതിയെ അറിയിച്ചു. ആ അതിജീവിത നീതിക്കുവേണ്ടി നടത്തുന്ന പോരാട്ടമാണ് സിനിമയിൽ ഉള്ളതെന്ന് വ്യക്തമാക്കിയ നിർമാണക്കമ്പനി സിനിമ കണ്ട് വിലയിരുത്താൻ കോടതിയെ ക്ഷണിക്കുകയും ചെയ്തു. തുടർന്നാണ് എന്തുകൊണ്ട് ജാനകി എന്ന പേര് ഉപയോഗിക്കാനാകില്ലെന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് കോടതി സെൻസർ ബോർഡിന് നിർദേശം നൽകിയത്.

Join WhatsApp News
Nainaan Mathullah 2025-06-30 15:00:33
When other countries are moving forward, India is going backward, unable to pull out of the quicksand of race, religion and traditions.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക