Image

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി മകളെ ആക്രമിച്ചു; പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

രഞ്ജിനി രാമചന്ദ്രൻ Published on 30 June, 2025
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി മകളെ ആക്രമിച്ചു; പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

പാലക്കാട് അനങ്ങനടി കോതകുറുശ്ശിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും മകളെ ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ജീവിപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കോതകുറുശ്ശി ഗാന്ധിനഗർ സ്വദേശി കൃഷ്ണദാസിനെയാണ് പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2022 സെപ്റ്റംബർ 28-നാണ് ഈ ക്രൂരകൃത്യം നടന്നത്.

പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ. വിനായക റാവുവാണ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ജീവിപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, കൂടാതെ വിവിധ വകുപ്പുകളിലായി 23 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. കഠിനതടവിനോടൊപ്പമുള്ള ഒരു ലക്ഷം രൂപ പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം അധിക തടവും, വിവിധ വകുപ്പുകളിലെ ഒരു ലക്ഷം രൂപ പിഴ അടച്ചില്ലെങ്കിൽ ഏഴ് വർഷം അധിക തടവും അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട ഭാര്യയുടെ കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു.

2022 സെപ്റ്റംബർ 28-ന് പുലർച്ചെ 1.30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ വെച്ച് ഭാര്യ രജനിയെ കൃഷ്ണദാസ് മടവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംശയമാണ് കൊലപാതകത്തിന് കാരണം. മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന മൂന്ന് മക്കളിൽ ഒരാളായ 13 കാരിയെയും കൃഷ്ണദാസ് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. മുരളീധരനാണ് കോടതിയിൽ ഹാജരായത്. കേസിൽ 40 സാക്ഷികളെ വിസ്തരിക്കുകയും 43 രേഖകൾ ഹാജരാക്കുകയും ചെയ്തു.
 

 

 

English summary:

Man hacked wife to death and attacked daughter; court sentences him to life imprisonment and a fine of ₹2 lakh.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക