തിരുവനന്തപുരം: കീം 2025 (കേരള എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാം) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കോഴിക്കോട്ട് ഫലപ്രഖ്യാപനം നടത്തി. എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജാണ് എന്‍ജിനീയറിങ്ങിൽ ഒന്നാം റാങ്ക് നേടിയത്. എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജു രണ്ടാം റാങ്കും കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജു മൂന്നാം റാങ്കും കരസ്ഥമാക്കി.
ഫാർമസിയിൽ ആലപ്പുഴ സ്വദേശി അനഘ അനിലിനാണ് ഒന്നാം റാങ്ക് ലഭിച്ചിരിക്കുന്നത്. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഋഷികേശ് ആർ ഷേണായ് സ്വന്തമാക്കി. എല്ലാവർക്കും നീതി കിട്ടുന്ന രീതിയിലാണ് കീം സിസ്റ്റം നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു.
മാർക്ക് ഏകീകരണത്തിൽ വിദഗ്ധ സമിതി നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കീം ഫലം പുറത്തുവന്നിരിക്കുന്നത്. സംസ്ഥാന സിലബസില്‍ പഠിച്ചവർക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്‌നാട് മാതൃകയിൽ മാര്‍ക്ക് ഏകീകരണം നടപ്പാക്കാനാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തിരിക്കുന്നത്.
ആകെ പരീക്ഷ എഴുതിയത് 86,549 വിദ്യാർത്ഥികളാണ്. ഇതിൽ യോഗ്യത നേടിയത് 76,230 പേരാണ്. ഫാർമസി എന്‍ട്രന്‍സ് വിഭാഗത്തില്‍ 33,425 പേര് പരീക്ഷയെഴുതിയതിൽ 27,841പേര് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.