കുറഞ്ഞ സിബിൽ സ്കോർ കാരണം വായ്പ ലഭിക്കാതെ വന്നതോടെ, വലിയ സ്വപ്നങ്ങളുമായി ആരംഭിച്ച സൂപ്പർമാർക്കറ്റ് പൂട്ടിയിരിക്കുകയാണ് യുവ സംരംഭകയായ സ്നേഹലത. കോവിഡ് കാലത്ത് വാഹന വായ്പയുടെ തിരിച്ചടവ് മുടങ്ങിയതാണ് സ്നേഹയുടെ സിബിൽ സ്കോർ കുറയാൻ കാരണം. ഈ വായ്പ പിന്നീട് അടച്ചുതീർത്തെങ്കിലും, ബിസിനസ് ആവശ്യത്തിനായി പുതിയ വായ്പ തേടി ബാങ്കിനെ സമീപിച്ചപ്പോൾ സിബിൽ സ്കോർ ഒരു വെല്ലുവിളിയായി മാറുകയായിരുന്നു.
"2020-ലാണ് ബിസിനസ് ആവശ്യത്തിന് ലോൺ എടുക്കാനായി മൂന്ന് ബാങ്കുകളെ സമീപിച്ചത്. എസ്.ബി.ഐയിലും കാനറയിലും രണ്ട് വാഹന ലോണുകൾ ഉണ്ടായിരുന്നു. കോവിഡ് കാലത്ത് രണ്ട് ലോണുകളിലും അടവ് മുടങ്ങി. അത് സിബിലിനെ ബാധിക്കുകയായിരുന്നു. തുടർന്ന് ബിസിനസ് ആവശ്യത്തിന് ലോൺ അപേക്ഷിച്ചപ്പോൾ തള്ളിപ്പോയി. ഒടുവിൽ സംരംഭം പൂട്ടുമ്പോൾ 22 ലക്ഷം രൂപ നഷ്ടം വരികയായിരുന്നു," സ്നേഹലത പറഞ്ഞു.
പാങ്ങാപ്പാറയിലായിരുന്നു സ്നേഹലത സൂപ്പർമാർക്കറ്റ് ആരംഭിച്ചത്. നിലവിൽ തൊഴിൽ രഹിതയാണ് സ്നേഹലത. ബിസിനസുമായി ബന്ധപ്പെട്ട് പണം ആവശ്യമായി വന്നപ്പോൾ, കൊടാക് മഹേന്ദ്ര ബാങ്കിൽ 50 സെൻ്റ് ഭൂമി ഈടായും പ്രൊജക്ട് റിപ്പോർട്ടും നൽകാമെന്ന് പറഞ്ഞിരുന്നു. എന്നാൽ സിബിൽ സ്കോർ കുറവാണെന്ന കാരണത്താൽ വായ്പ അനുവദിച്ചില്ല. ഇതോടെ സാമ്പത്തിക ബാധ്യത വർധിക്കുകയും രണ്ടര വർഷം കൊണ്ട് സംരംഭം അടച്ചുപൂട്ടേണ്ടി വരികയുമായിരുന്നു.
English summary:
CIBIL score turns villain: Loan denied even after offering to pay 50 cents; young entrepreneur forced to shut down supermarket.