മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുവേണ്ടിയുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനമുയർന്നതിന് പിന്നാലെ പരിഹാസവുമായി സംസ്ഥാന യൂത്ത് കമ്മീഷൻ ചെയർമാൻ എം. ഷാജർ. പി.ആർ. വർക്ക് ചെയ്ത് ലഭിക്കുന്ന ലൈക്കും ഷെയറും കൊണ്ട് വീട് നിർമ്മിക്കാൻ കഴിയില്ലെന്ന് ഷാജർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
ലഭിച്ച തുക എത്രയാണെങ്കിലും അത് പൊതുസമൂഹത്തെ അറിയിക്കാനുള്ള ധാർമികവും നിയമപരവുമായ ഉത്തരവാദിത്തം ഏതൊരു പ്രസ്ഥാനത്തിനും ഉണ്ടെന്ന് ഷാജർ ചൂണ്ടിക്കാട്ടി. "ആദ്യം പ്രഖ്യാപിച്ചതിൻ്റെ നാല് ഇരട്ടി വീടുകൾ നിർമ്മിച്ച് നൽകാൻ ധനസമാഹരണം നടത്തി ഇരുപത് കോടിക്ക് മുകളിൽ കൈമാറിയ ഡി.വൈ.എഫ്.ഐ. അഭിമാനമാണ്. വ്യാജ പ്രഖ്യാപനങ്ങൾ അഴിമതിയുടെ ഭാഗം തന്നെയാണ്, ഇത്തരം ഉള്ള് പൊള്ളയായ കാര്യങ്ങളെ തുറന്ന് കാട്ടുക തന്നെ വേണം," ഷാജർ കൂട്ടിച്ചേർത്തു.
അതേസമയം, ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കോലഞ്ചേരി സ്വദേശിനി ടി.ആർ. ലക്ഷ്മി പരാതി നൽകിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി അടക്കം എട്ട് നേതാക്കൾക്കെതിരെയാണ് പരാതി. മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്ക് വീട് വെച്ച് നൽകാമെന്ന പ്രഖ്യാപനം നടത്തുകയും ഫണ്ട് ശേഖരണം നടത്തുകയും ചെയ്ത സംഭവത്തിൽ നേതാക്കൾക്കെതിരെ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം.
പിരിച്ച തുകയുടെ കണക്കുകളും വിശദാംശങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും, തുക വ്യക്തിപരമായ ആവശ്യങ്ങൾക്കായി നേതാക്കൾ ദുരുപയോഗം ചെയ്തുവെന്നും പരാതിക്കാരി ആരോപിക്കുന്നു. യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ലക്ഷ്മി ആവശ്യപ്പെടുന്നുണ്ട്. നേരത്തെ, യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പരിശീലന ക്യാമ്പിൽ വെച്ചും ഈ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉയർന്നിരുന്നു. എട്ടുലക്ഷം രൂപ വീതം ചെലവുള്ള മുപ്പത് വീടുകൾ നിർമ്മിച്ച് നൽകുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നായിരുന്നു പ്രധാന വിമർശനം.