പന്തീരാങ്കാവ് കുന്നത്തുപാലത്തെ ചൈത്രം ജ്വല്ലറിയിൽ നിന്ന് സ്വർണമോതിരം കവർന്ന കേസിൽ തിരുവനന്തപുരം സ്വദേശിയും താമരശ്ശേരി പെരുമ്പള്ളിയിലെ താമസക്കാരനുമായ സുലൈമാൻ എന്ന ഷാജിയെ (46) പോലീസ് അറസ്റ്റ് ചെയ്തു. മോതിരം കൈക്കലാക്കിയ ശേഷം ബാക്കി പണം പിന്നീട് നൽകാമെന്ന് പറഞ്ഞ് കടന്നു കളയുകയായിരുന്നു ഇയാൾ.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സ്വർണം വാങ്ങാനെന്ന വ്യാജേന ഷാജി ജ്വല്ലറിയിൽ എത്തിയത്. മോതിരം തിരഞ്ഞെടുത്ത ശേഷം അതിൽ പേരെഴുതണമെന്ന് ആവശ്യപ്പെട്ടു. ചെറിയൊരു തുക അഡ്വാൻസ് നൽകിയ ഇയാൾ, ബാക്കി പുക എ.ടി.എമ്മിൽ നിന്ന് എടുത്ത് നൽകാമെന്ന് പറഞ്ഞ് മോതിരവുമായി കടന്നുകളയുകയായിരുന്നു. പിന്നീട്, ഈ മോതിരം പാളയത്തെ ഒരു ജ്വല്ലറിയിൽ വിറ്റ് പണമാക്കുകയും ചെയ്തു.
മുൻപും സമാനമായ മോഷണക്കേസുകളിൽ ഷാജി പിടിയിലായിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളുടെ പേരിൽ ഒൻപതോളം കേസുകളുണ്ടെന്നും പോലീസ് പറയുന്നു. പന്തീരാങ്കാവ് പോലീസ് ഇൻസ്‌പെക്ടർ ഷാജുവിൻ്റെ നേതൃത്വത്തിൽ എസ്.ഐ. സുനീറും സംഘവും തലശ്ശേരിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്നാണ് ഷാജിയെ തിരിച്ചറിഞ്ഞത്. പ്രതിയെ പിന്നീട് ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും, മോതിരം പാളയത്തെ ജ്വല്ലറിയിൽ നിന്ന് കണ്ടെത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഷാജിയെ റിമാൻഡ് ചെയ്തു.
English summary:
Thief who stole a ring from a jewellery store arrested; police say he is an accused in 9 similar cases.