കിടങ്ങന്നൂർ സെൻ്റ് മേരീസ് കോളേജ് ട്യൂഷൻ സെൻ്റർ നടത്തിപ്പുകാരനും ഗണിതാധ്യാപകനുമായ എബ്രഹാം അലക്സാണ്ടർ (62) എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആറന്മുള പോലീസിൻ്റെ പിടിയിലായി. ട്യൂഷൻ സെൻ്ററിൽ വെച്ച് കുട്ടികളെക്കൊണ്ട് കാലുകൾ തിരുമ്മിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തെന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്. പ്രതി ട്യൂഷൻ സെൻ്ററിൽ കുട്ടികളെക്കൊണ്ട് ദിവസവും കൈകാലുകളും തോളും തിരുമ്മിക്കാറുണ്ടായിരുന്നെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസം 28-ന് വൈകിട്ട് നാലരയോടെയാണ് പരാതി നൽകിയ കുട്ടിയെ അധ്യാപകൻ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. വൈകിട്ട് അഞ്ച് മുതൽ 6.30 വരെയായിരുന്നു ട്യൂഷൻ ക്ലാസ്. ക്ലാസിലേക്ക് നേരത്തെ എത്തിയ കുട്ടിയെക്കൊണ്ട് അലക്സാണ്ടർ കാലുകൾ തിരുമ്മിച്ചു. കുട്ടി നിർത്തിയപ്പോൾ തുടയിൽ തിരുമ്മാൻ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചപ്പോൾ കണക്ക് ചെയ്തുകൊണ്ടിരുന്ന കുട്ടിയോട് തൻ്റെ രഹസ്യ ഭാഗങ്ങളിൽ അമർത്താൻ ആവശ്യപ്പെട്ടു. അതിനും തയ്യാറാകാതിരുന്നപ്പോൾ കുട്ടിയെ കടന്നുപിടിക്കുകയും ബലം പ്രയോഗിച്ച് ചൂഷണത്തിനിരയാക്കുകയുമായിരുന്നു.
ക്ലാസ് കഴിഞ്ഞ് പോകാൻ നേരം കുട്ടിയെ കെട്ടിപ്പിടിച്ച് വീട്ടിൽ ഈ വിവരം പറയരുതെന്ന് ആവശ്യപ്പെടുകയും, തങ്ങൾക്കെന്നും നല്ല സുഹൃത്തുക്കളായി തുടരാം എന്ന് പറയുകയും ചെയ്തു. എന്നാൽ, വീട്ടിലെത്തിയ കുട്ടി പിതാവിനോട് വിവരങ്ങൾ ധരിപ്പിച്ചു. പിതാവ് ചൈൽഡ് ലൈനിൽ അറിയിച്ചതിനെ തുടർന്ന്, ആറന്മുള പോലീസ് വിവരമറിയുകയും വനിതാ പോലീസ് കുട്ടിയുടെ വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് ആറന്മുള എസ്.ഐ. വി. വിഷ്ണു എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് എബ്രഹാം അലക്സാണ്ടറെ ട്യൂഷൻ സെൻ്ററിൽ നിന്ന് കസ്റ്റഡിയിലെടുത്തു.
English summary:
Math Teacher Arrested in Pathanamthitta for Allegedly Forcing 8th Grader to Massage Him, Followed by Sexual Assault