മുംബൈ: ഒരു വ്യക്തിയോട് ‘ഐ ലവ് യു’ എന്ന് പറയുന്നത് ലൈംഗീകാതിക്രമമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചിന്റെതാണ് വിധി. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ‘ഐ ലവ് യു’ എന്ന പറഞ്ഞ യുവാവിനെതിരായ കേസിലാണ് കോടതിയുടെ നിര്‍ണായക വിധി. ജസ്റ്റിസ് ഊര്‍മിള ജോഷി ഫാല്‍ക്കെയുടേതാണ് വിധി.
പറയുന്ന വാക്കുകള്‍ക്ക് പിന്നില്‍ ലൈംഗിക ഉദ്ദേശ്യമില്ലെങ്കില്‍ ‘ഐ ലവ് യു’ എന്ന് പറയുന്നത് നിയമത്തില്‍ പറയുന്ന പോലെ ലൈംഗികപീഡന കുറ്റമാകില്ലെന്ന് കോടതി പറഞ്ഞു.
പ്രോസിക്യൂഷന്‍ കേസ് പ്രകാരം, 2015 ഒക്ടോബര്‍ 23ന് പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഇരയുടെ കുടുംബം പരാതി നല്‍കിയിരുന്നു. പതിനൊന്നാം ക്ലാസില്‍ പഠിച്ചിരുന്ന കുട്ടി വീട്ടിലേക്കു മടങ്ങുന്നതിനിടെ പ്രതി ‘ഐ ലവ് യു’ എന്ന് പറയുകയും പേരു പറയാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് കേസ്. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.