സുരേഷ് ഗോപി ചിത്രം 'ജെ.എസ്.കെ.'യുമായി ബന്ധപ്പെട്ട് സിനിമാ ലോകത്ത് നടക്കുന്ന ചർച്ചകൾക്കിടെ, സിനിമയുടെ റിലീസ് തടഞ്ഞതിനെ പരിഹസിച്ച് കമന്റിട്ടയാൾക്ക് നടന്റെ മക്കളായ ഭാഗ്യ സുരേഷും മാധവ് സുരേഷും നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. 'ജാനകി' എന്ന പേരിന്റെ പേരിൽ സെൻസർ ബോർഡ് ചിത്രത്തിന് റിലീസ് തടസ്സപ്പെടുത്തിയതിനെത്തുടർന്നാണ് വിവാദങ്ങൾ ആരംഭിച്ചത്. ഒടുവിൽ, ഹൈക്കോടതി ജഡ്ജി നേരിട്ട് സിനിമ കാണാൻ തീരുമാനിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ "സ്വന്തം കേസ് ആക്കി ഹൈപ്പ് ഉണ്ടാക്കുന്നു. ബിസിനസ് ട്രിക്ക്" എന്നായിരുന്നു ഒരാളുടെ പരിഹാസ കമന്റ്. ഇത് കണ്ട മാധവ് സുരേഷ്, "ശരിയായ ആശയം, സിനിമ തെറ്റായിപ്പോയി എന്ന് കുറ്റപ്പെടുത്തുന്നു," എന്ന് മറുപടി നൽകി. പിന്നാലെ ഭാഗ്യ സുരേഷും ശക്തമായി പ്രതികരിച്ചു: "നൂറുകണക്കിന് അഭിനേതാക്കളും അണിയറപ്രവർത്തകരും അവരുടെ രക്തവും വിയർപ്പും കണ്ണീരും ഒഴുക്കിയാണ് ഒരു സിനിമ നിർമ്മിക്കുന്നത്. അവരെല്ലാം ഒരേപോലെ കഷ്ടപ്പെടുകയാണ്. സ്വന്തം സിനിമയ്ക്ക് പ്രശസ്തി ലഭിക്കാനും റിലീസ് തീയതി നീട്ടിവെക്കാനും വേണ്ടി ആരെങ്കിലും ഇങ്ങനെ ചെയ്യുമെന്ന് കരുതുന്ന നിങ്ങൾ എത്ര വിഡ്ഢിയാണ്."
ജസ്റ്റിസ് എൻ. നാഗരേഷ് ഇന്ന് രാവിലെ പത്ത് മണിക്ക് എറണാകുളം ലാൽ മീഡിയയിൽ വെച്ച് 'ജെ.എസ്.കെ.'യുടെ പ്രത്യേക പ്രദർശനം കണ്ടു. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കുമ്പോൾ ജഡ്ജി തീരുമാനം അറിയിക്കും. 'ജാനകി' എന്ന പേര് മാറ്റാതെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന നിലപാടിലാണ് കേന്ദ്ര സെൻസർ ബോർഡ്. എന്നാൽ, ഈ നിലപാടിന് കോടതിക്ക് മുന്നിൽ കൃത്യമായ മറുപടി നൽകിയിട്ടില്ല. 'ജാനകി' എന്ന പേരിന് എന്താണ് കുഴപ്പമെന്ന് കോടതി നേരത്തെ സെൻസർ ബോർഡിനോട് ചോദിച്ചിരുന്നു.
English summary:
‘JSK’ controversy: Bhagya Suresh responds strongly to the allegation of it being a ‘business strategy’, joined by Madhu as well.