ഡാളസ് : പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നിന്ന് ഡാളസിലേക്ക് പോകുകയായിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനം സുരക്ഷാ ഭീഷണിയെന്ന് യാത്രക്കാരൻ തെറ്റായി വ്യാഖ്യാനിച്ച മെസേജിനെ തുടർന്ന് വ്യാഴാഴ്ച വഴിതിരിച്ചുവിട്ടു. അടുത്ത സീറ്റിലെ യാത്രക്കാരന് വന്ന 'RIP' മെസേജ് ഒളിഞ്ഞുനോക്കിയ യാത്രക്കാരൻ വിമാനത്തിന് സുരക്ഷാ ഭീഷണിയെന്ന് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് സുരക്ഷാ ഭീഷണിയുടെ പേരിൽ വിമാനം സാൻ ജുവാനിലേക്ക് വഴിതിരിച്ചുവിടേണ്ടിവന്നത്.
ഒരു യാത്രക്കാരൻ അടുത്ത സീറ്റിലെ യാത്രക്കാരന് "RIP" എന്ന സന്ദേശം ലഭിക്കുന്നത് കണ്ടതായും അത് വിമാനത്തിന് ഭീഷണിയാണെന്ന് കരുതിയതായും പ്രാദേശിക വാർത്താ ഏജൻസിയായ പ്രൈമറ ഹോറ റിപ്പോർട്ട് ചെയ്തു.
ഇതോടെ ടേക്ക് ഓഫിന് കുറച്ച് സമയത്തിന് ശേഷം വിമാനം തിരിച്ചു പറക്കുകയായിരുന്നു. മെസേജ് യാത്രക്കാരന്റെ കുടുംബത്തിലെ ആരോ മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നുവെന്നും സുരക്ഷാ ഭീഷണി ആയിരുന്നില്ലെന്നും ഫ്ലൈറ്റ് ജീവനക്കാർ കണ്ടെത്തി.
വിമാനം സാൻ ജുവാനിൽ ലാൻഡ് ചെയ്ത ശേഷം പരിശോധിച്ച് ഭീഷണി ഇല്ലെന്നു ഉറപ്പാക്കിയ ശേഷമാണ് രാവിലെ 9:40 ന് വീണ്ടും പുറപ്പെട്ടത്. സുരക്ഷ ഏറ്റവും ഉയർന്ന പ്രയോറിറ്റി ആയതിനാൽ ഇതുമൂലമുള്ള ബുദ്ധിമുട്ടിന് യാത്രക്കാരോട് ക്ഷമ ചോദിക്കുന്നുവെന്ന് എയർലൈൻ അറിയിച്ചു.