Image

'മോക്ഷ, ഫ്രീഡം ഫ്രം ബെർത്ത് ആൻഡ് ഡെത്ത്, സാൽവേഷൻ'; ജാസ്മിന്റെ ചുമരെഴുത്ത്; കൊലയ്ക്ക് കാരണം ദൈവവിശ്വാസത്തിന് എതിരായതോ; ഓമനപ്പുഴ കൊലപാതകം ദുരൂഹതയേറുന്നു

രഞ്ജിനി രാമചന്ദ്രൻ Published on 05 July, 2025
'മോക്ഷ, ഫ്രീഡം ഫ്രം ബെർത്ത് ആൻഡ് ഡെത്ത്, സാൽവേഷൻ'; ജാസ്മിന്റെ ചുമരെഴുത്ത്; കൊലയ്ക്ക് കാരണം ദൈവവിശ്വാസത്തിന് എതിരായതോ; ഓമനപ്പുഴ കൊലപാതകം ദുരൂഹതയേറുന്നു

ഓമനപ്പുഴയിൽ മകൾ എയ്ഞ്ചൽ ജാസ്മിനെ (29) പിതാവ് ജോസ്‌മോൻ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ദൈവവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ജാസ്മിൻ വീടിൻ്റെ ചുമരിൽ എഴുതിയ "മോക്ഷ, ഫ്രീഡം ഫ്രം ബെർത്ത് ആൻഡ് ഡെത്ത്, സാൽവേഷൻ" (Moksha, Freedom from Birth and Death, Salvation) എന്ന വാക്യമാണ് പോലീസിൻ്റെ സംശയം ബലപ്പെടുത്തുന്നത്.

പ്രതി ജോസ്‌മോൻ്റെ മൊഴി പോലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. ജാസ്മിൻ രാത്രി വൈകി വരുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് ജോസ്‌മോൻ ആദ്യം നൽകിയ മൊഴി. എന്നാൽ, ജാസ്മിൻ രാത്രി എവിടേക്കാണ് പോയിരുന്നതെന്ന് വ്യക്തമല്ല, അക്കാര്യത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ജാസ്മിൻ ബൈബിൾ വലിച്ചെറിഞ്ഞത് തന്നെ പ്രകോപിപ്പിച്ചെന്നും പിതാവിൻ്റെ മൊഴിയിലുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ജാസ്മിൻ കൊല്ലപ്പെടുന്നത്. ആദ്യം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിൽ കിടത്തിയിരുന്നു. എന്നാൽ മരണത്തിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ പോലീസ് പിതാവിനെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് ജോസ്‌മോൻ കുറ്റസമ്മതം നടത്തിയത്.

കൊലപാതകത്തിൽ താൻ മാത്രമാണ് പങ്കെടുത്തതെന്നായിരുന്നു പ്രതിയുടെ ആദ്യ മൊഴി. എന്നാൽ, കൂടുതൽ ചോദ്യം ചെയ്യലിൽ കൊലപാതകത്തിൽ അമ്മ ജെസിക്കും പങ്കുണ്ടെന്ന് ജോസ്‌മോൻ വെളിപ്പെടുത്തി. ജോസ്‌മോൻ കഴുത്ത് ഞെരിച്ചപ്പോൾ മാതാവ് ജെസി ജാസ്മിൻ്റെ കൈകൾ പിന്നിൽ നിന്ന് പിടിക്കുകയായിരുന്നു. കേസിൽ തെളിവ് നശിപ്പിച്ചതിന് ജാസ്മിൻ്റെ അമ്മാവനെയും പോലീസ് പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

 

 

English summary:

Moksha, freedom from birth and death, salvation” — Jasmine’s wall writing; was the murder driven by opposition to religious belief? Mystery deepens in the Omanappuzha murder case.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക