അമേരിക്കയിലുള്ള ഉടമയറിയാതെ തിരുവനന്തപുരം കവടിയാര്‍ ജവഹര്‍ നഗറില്‍ കോടികള്‍ വിലമതിക്കുന്ന വസ്തുവും വീടും ആള്‍മാറാട്ടവും വ്യാജരേഖയും ചമച്ച് വില്‍പ്പന നടത്തി. വൃദ്ധയും യുവതിയും അറസ്റ്റില്‍. തിരുവനന്തപുരം കരകുളം മരുതൂര്‍ ചീനിവിള പാലയ്ക്കാടു വീട്ടില്‍ വസന്ത (76), കൊല്ലം പുനലൂര്‍ അലയമണ്‍ മണക്കാട് പുതുപറമ്പില്‍ വീട്ടില്‍ മെറിന്‍ ജേക്കബ് (27)എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച ബാക്കിയുള്ളവരെ പിടികൂടാനുള്ള നീക്കത്തിലാണ് പോലീസ്.
തിരുവനന്തപുരം ജവഹര്‍ നഗര്‍ സ്വദേശിനിയും അമേരിക്കയില്‍ സ്ഥിരതാമസക്കാരിയുമായ ഡോറ അസറിയ ക്രിപ്പ്‌സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവുമാണ് തട്ടിപ്പ് സംഘം വില്‍പ്പന നടത്തിയത്. വസ്തുവിന്റെ കരം അടയ്ക്കാന്‍ ഡോറ നിയോഗിച്ചിരുന്ന കെയര്‍ടേക്കര്‍ ബന്ധപ്പെട്ട ഓഫിസില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്.
ഡോറയോടു രൂപസാദൃശ്യമുള്ള വസന്തയെ കണ്ടെത്തിയ തട്ടിപ്പുസംഘം ഇവരെ ഉപയോഗിച്ചായിരുന്നു തട്ടിപ്പിന് തുടക്കം കുറിച്ചത്. ഡോറയായി മാറിയ വസന്തയെ ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫിസിലെത്തിച്ച് ഇഷ്ടദാന ആധാരത്തിലൂടെ വളര്‍ത്തുമകളായ മെറിന്‍ ജേക്കബ്ബിന്റെ പേരില്‍ വസ്തുവും വീടും നല്‍കി. തുടര്‍ന്ന് ഒന്നരക്കോടി രൂപ വില കാണിച്ച് ഈ വീടും വസ്തുവും ചന്ദ്രസേനന്‍ എന്നയാള്‍ക്ക് തീറാധാരമായി നല്‍കുകയായിരുന്നു.
വസ്തുവും വീടും ഉടമയുടെ അറിവില്ലാതെ വിറ്റഴിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്തിയ മ്യൂസിയം പോലീസാണ് വസന്തയെയും മെറിന്‍ ജേക്കബ്ബിനെയും പിടികൂടിയത്. രജിസ്ട്രാര്‍ ഓഫിസിലെ റെക്കോര്‍ഡ്‌സില്‍ പ്രതികള്‍ പതിപ്പിച്ച വിരലടയാളങ്ങള്‍ കേന്ദ്രീകരിച്ച് ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.
മെറിനും വസന്തയും തമ്മില്‍ പരിചയമുണ്ടായിരുന്നില്ല. ജോലി ചെയ്യുന്ന സ്വകാര്യസ്ഥാപനത്തില്‍വച്ച് പരിചയപ്പെട്ട കുടുംബസുഹൃത്താണ് മെറിനെ തട്ടിപ്പ് സംഘത്തിലേക്ക് എത്തിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിനായി മെറിന്റെ ആധാര്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയിരുന്നു. ആധാര്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മെറിന്‍ പിടിയിലായത്.