സെൻട്രൽ ടെക്സാസിൽ വൻ ദുരന്തത്തിനിടയാക്കിയ വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 28 കുട്ടികൾ ഉൾപ്പെടെ 82 പേർ മരിച്ചതായി ഏറ്റവും പുതിയ അപ്ഡേറ്റിൽ പറയുന്നു. ഗ്വാഡലൂപ് നദിയോട് ചേർന്നിരിക്കുന്ന, പെൺകുട്ടികൾക്കുള്ള ക്രിസ്ത്യൻ സമ്മർ ക്യാമ്പായ ക്യാംപ് മിസ്റ്റിക്കിൽ നിന്ന് 10 പെൺകുട്ടികളെ ഒരു കൗൺസിലർക്കൊപ്പം കാണാതായി എന്ന് അധികൃതർ അറിയിച്ചു. ഈ ക്യാമ്പ് വെള്ളപ്പൊക്കത്തിൽ തകർന്നു. 10 കുട്ടി ക്യാമ്പർമാരെ കണ്ടെത്താനുള്ള തിരച്ചിൽ ഞായറാഴ്ചയും തുടർന്നു.
സമ്മർ ക്യാമ്പിൽ നിന്ന് കാണാതായ നാല് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
വെള്ളപ്പൊക്കത്തിന്റെ ദുരിതം ഏറെ നേരിടേണ്ടിവന്ന കെർ കൗണ്ടിയിലുടനീളം 850-ലധികം ആളുകളെ രക്ഷപ്പെടുത്തിയതായി ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോഞ്ചോ താഴ്വരയിലും കെർവില്ലിനടുത്തും അടുത്ത 24 മുതൽ 48 മണിക്കൂർ വരെ കനത്ത മഴ പെയ്യുന്നത് കൂടുതൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും ജാഗ്രത വേണമെന്നും ഗവർണർ ആബട്ട് പറഞ്ഞു.
"മൃതദേഹങ്ങൾ എല്ലായിടത്തുനിന്നും കണ്ടെടുക്കുന്നത് ഞങ്ങൾ കാണുന്നു," കെർവില്ലെ സിറ്റി മാനേജർ റൈസ് ഡാൽട്ടൺ ഞായറാഴ്ച പറഞ്ഞു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കെർ കൗണ്ടിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തിന് ഫെഡറൽ സഹായം വാഗ്ദാനം ചെയ്ത് ഒരു ദുരന്ത പ്രഖ്യാപനത്തിൽ ഞായറാഴ്ച രാവിലെ ഒപ്പ് വച്ചു.