Image

മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ ശശി തരൂർ ; അഭിപ്രായ സർവേയിൽ തരൂർ പ്രതിപക്ഷ നേതാവ് വിഡി സതീശനേക്കാള്‍ ബഹുദൂരം മുന്നിൽ

Published on 08 July, 2025
മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ ശശി തരൂർ ; അഭിപ്രായ സർവേയിൽ തരൂർ പ്രതിപക്ഷ നേതാവ് വിഡി സതീശനേക്കാള്‍ ബഹുദൂരം മുന്നിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തു നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശശി തരൂരിനെ പിന്തുണച്ച് സര്‍വേ ഫലം. വോട്ട് വൈബ് എന്ന ഏജന്‍സി സംഘടിപ്പിച്ച സര്‍വേയില്‍ 28.3 ശതമാനം പേരാണ് തരൂരിനെ പിന്തുണച്ചത്. നിലവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനേക്കാള്‍ അഭിപ്രായ സര്‍വേയില്‍ ബഹുദൂരം മുന്നിലാണ് ശശി തരൂര്‍. സതീശന് 15.4 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവും കൂടിയായ രമേശ് ചെന്നിത്തലയെ 8.2 ശതമാനം പേരാണ് പിന്തുണയ്ക്കുന്നത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരനെ 6 ശതമാനം പേരും കെ സുധാകരനെ 5 ശതമാനം പേരും സര്‍വേയില്‍ പിന്തുണയ്ക്കുന്നു.

കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ സി വേണുഗോപാലിനെ 4.2 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നു. മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയെ 4 ശതമാനം പേരും ഉയര്‍ത്തിക്കാട്ടുന്നു. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ 2 ശതമാനം ആളുകളാണ് പിന്തുണച്ച് രംഗത്തു വന്നിട്ടുള്ളത്.

മറ്റു നേതാക്കള്‍/ അഭിപ്രായം പറയാനില്ല എന്ന് രേഖപ്പെടുത്തിയത് 27.1 ശതമാനം ആളുകളാണ്. ഭാവി കേരളത്തിന്റെ വികസനത്തില്‍ ഏതു മുന്നണിയെയാണ് പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന്, യുഡിഎഫിനെയാണ് കൂടുതലും പേര്‍ പിന്തുണച്ചിട്ടുള്ളത്. 38.9 ശതമാനം പേരാണ് യുഡിഎഫിനെ അനുകൂലിച്ചത്. എല്‍ഡിഎഫിനെ 27.8 ശതമാനം പേരും, എന്‍ഡിഎയെ 23.1 ശതമാനം പേരും പിന്തുണച്ചു. മറ്റുള്ളവയെ 4.2 ശതമാനം പേര്‍ അനുകൂലിച്ചപ്പോള്‍, ആറു ശതമാനം പേര്‍ അഭിപ്രായം പറയാനില്ലെന്ന് രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക