ഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വിഷയം നീരീക്ഷിച്ചു വരുന്നതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍. നിമിഷയുടെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നല്‍കി വരുന്നതായും പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ടു വരുന്നതായും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഈ മാസം 16ന് വധശിക്ഷ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ജയില്‍ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച ഉത്തരവ് കിട്ടിയെന്നാണ് വിവരം. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസില്‍ നിന്നാണ് ഉത്തരവ് ലഭിച്ചത്. യമന്‍ പൗരനെ കൊന്ന കേസിലാണ് മലയാളിയായ നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്.
ഇന്ത്യന്‍ എംബസി ഇക്കാര്യം സ്ഥിരീകരിച്ചതായി യമനിലെ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന സാമുവല്‍ ജോണ്‍ അറിയിച്ചു. പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനില്‍ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ റദ്ദാക്കാന്‍ ഉള്ള നീക്കങ്ങള്‍ നടക്കുന്നതിനിടയാണ് ജയിലില്‍ ഉത്തരവെത്തിയത്.
യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന വിവരം ഏറെ ദു:ഖകരവും ദൗര്‍ഭാഗ്യകരവുമാണെന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനും നെന്മാറ എംഎല്‍എയുമായ കെ ബാബു പറഞ്ഞു. എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ കാര്യമായില്ല. ഗ്രോത സമുദായങ്ങളാണ് അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും കെ ബാബു പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന് ഉത്തരവ് വന്നതിന് പിന്നാലെയാണ് എംഎല്‍എയുടെ പ്രതികരണം.
നിമിഷപ്രിയയുടെ അമ്മ അവരെ നേരിട്ട് കണ്ട് സംസാരിച്ചതാണ്. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ നല്ല രീതിയില്‍ ഇടപ്പെട്ടു. ഇടപെടലുകളില്‍ യാതൊരു വീഴ്ച്ചയും ഇല്ല. ദിയ ധനം കൊടുക്കുന്നതില്‍ പല തവണ ചര്‍ച്ച നടന്നതാണെന്നും കെ ബാബു പറഞ്ഞു. വിഷയത്തില്‍ സ്ഥിരമായി ഇടപെട്ട അഡ്വ സാമുവല്‍ ഇന്ന് തന്നെ യെമനിലേക്ക് തിരിക്കും.