പാലക്കാട്: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയെ ഈ മാസം 16 ന് വധശിക്ഷയ്ക്ക് വിധേയയാക്കുമെന്ന് കുടുംബത്തെ അറിയിച്ചു. നിമിഷ പ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ് ആണ് ഇക്കാര്യം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സ്ഥിരീകരിച്ചത്. നിമിഷ പ്രിയ ഇപ്പോള്‍ യെമനിലെ സനയിലെ സെന്‍ട്രല്‍ പ്രിസണിലാണ് തടവിലുള്ളത്.
ജയിലില്‍ നിന്നും കഴിഞ്ഞയാഴ്ച വാട്‌സ് ആപ്പ് ടെക്സ്റ്റിലൂടെയും വോയ്‌സ് മെസ്സേജിലൂടെയുമാണ് നിമിഷ പ്രിയ വധശിക്ഷയുടെ കാര്യം അറിയിച്ചതെന്നാണ് ടോമി തോമസ് പറഞ്ഞത്. ജയില്‍ ചെയര്‍മാനാണ് വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനവും തീയതിയും അറിയിച്ചതെന്ന് നിമിഷപ്രിയ അറിയിച്ചതായും ടോമി തോമസ് വ്യക്തമാക്കി.
ശിക്ഷ നടപ്പാക്കുന്ന തീയതിയെക്കുറിച്ച് പറഞ്ഞ നിമിഷപ്രിയ വളരെ അസ്വസ്ഥയായിരുന്നു. മോചനത്തിനായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് സന്ദേശങ്ങളിലൂടെ താന്‍ ആശ്വസിപ്പിച്ചുവെന്ന് ടോമി തോമസ് കൂട്ടിച്ചേര്‍ത്തു. പാലക്കാട് സ്വദേശിയാണ് നിമിഷ പ്രിയ. നിമിഷപ്രിയയെ മോചിപ്പിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ടോമി തോമസ് കഴിഞ്ഞദിവസം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടിരുന്നു. ചാണ്ടി ഉമ്മന്‍ എംഎല്‍എയ്‌ക്കൊപ്പമാണ് ടോമി തോമസ് ഗവര്‍ണറെ കണ്ടത്.