Image

മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് താക്കൂര്‍ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

Published on 31 July, 2025
മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് താക്കൂര്‍ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

മുംബൈ: മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികളെ എന്‍ഐഎ കോടതി വെറുതേ വിട്ടു. പ്രഗ്യാസിങ് താക്കൂറും ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിതും അടക്കമുള്ള പ്രതികളെ ആണ് കോടതി വെറുതേ വിട്ടത്. 

പതിനേഴ് വര്‍ഷത്തിന് ശേഷം ആണ് കേസില്‍ പ്രത്യേക എന്‍ഐഎ കോടതി വിധി പറഞ്ഞത്. 2008 ല്‍ ആയിരുന്നു മാലേഗാവ് സ്‌ഫോടനം നടന്നത്. ബിജെപിയുടെ മുന്‍ എംപിയാണ് പ്രഗ്യാ സിങ് താക്കൂര്‍.

2008 സെപ്തംബര്‍ 29 ന് ആയിരുന്നു രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടനം നടന്നത്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവില്‍ ആയിരുന്നു സംഭവം. ആറ് പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്. നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

സ്‌ഫോടനത്തിന് ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍, പ്രഗ്യാ സിങ് താക്കൂറിന്റെ പേരിലുള്ളതായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ മോട്ടോര്‍ സൈക്കിളിന്റെ ചേസിസ് നമ്പര്‍ മാഞ്ഞുപോയിരുന്നു എന്നാണ് കോടതിയുടെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ ഈ വാഹനം പ്രഗ്യാ സിങ് താക്കൂറിന്റേതാണെന്ന് തെളിയിക്കാനായില്ല എന്നാണ് കോടതിയുടെ കണ്ടെത്തല്‍. 

സ്‌ഫോടനം നടക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ് തന്നെ പ്രഗ്യാ സിങ് താക്കൂര്‍ സന്യാസ ജീവിതം സ്വീകരിച്ചിരുന്നു എന്ന നിരീക്ഷണവും കോടതി നടത്തി. സ്‌ഫോടനം തെളിയിക്കപ്പെട്ടെങ്കിലും ബോംബ് വച്ചത് മോട്ടോര്‍ സൈക്കിളില്‍ ആണെന്ന് തെളിയിക്കാന്‍ ആയില്ലെന്നാണ് കോടതി പറഞ്ഞത്.

ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് കശ്മീരില്‍ നിന്ന് ആര്‍ഡിഎക്‌സ് കൊണ്ടുവന്ന് വീട്ടില്‍ സൂക്ഷിച്ചതിനും പിന്നീട് ബോംബ് നിര്‍മിച്ചതിനും തെളിവില്ലെന്നും കോടതി കണ്ടെത്തി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക