Image

ധര്‍മസ്ഥലയില്‍ മൂന്നാം ദിനം പരിശോധനയില്‍ അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി

Published on 31 July, 2025
ധര്‍മസ്ഥലയില്‍ മൂന്നാം ദിനം  പരിശോധനയില്‍ അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി

കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നു വെളിപ്പെടുത്തിയ ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ സ്ഥലത്തുനിന്ന് അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെത്തി. ആറാമത്തെ പോയിന്റില്‍നിന്നാണ് അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. മൂന്നാം ദിനം പരിശോധന തുടരുന്നതിനിടയിലാണ് സാക്ഷി ചൂണ്ടിക്കാണിച്ച ആറാമത്തെ ഇടത്ത് കുഴിച്ചപ്പോള്‍ അസ്ഥികൂട അവശിഷ്ടങ്ങള്‍ കിട്ടിയത്. 

ശുചീകരണ തൊഴിലാളി കഴിഞ്ഞ ദിവസങ്ങളില്‍ ചൂണ്ടിക്കാണിച്ച 5 സ്ഥലങ്ങളിലും കുഴിച്ചെങ്കിലും ഒന്നും കിട്ടിയിരുന്നില്ല. അന്വേഷണം ആരംഭിച്ചതിനുശേഷം വ്യക്തമായ ഫോറന്‍സിക് തെളിവുകള്‍ നല്‍കുന്ന ആദ്യ സ്ഥലമാണ് ആറാമത്തെ പോയിന്റ്. രണ്ടടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് അസ്ഥികള്‍ കണ്ടെത്തിയത്. അധികൃതര്‍ ഈ കണ്ടെത്തല്‍ സ്ഥിരീകരിച്ചു, ഫോറന്‍സിക് സംഘങ്ങള്‍ അവശിഷ്ടങ്ങള്‍ വിശകലനം ചെയ്യുന്നതിനാല്‍ കേസ് ഇതോടെ ശക്തമായി പുരോഗമിക്കുകയാണെന്ന് പറഞ്ഞു.

നൂറോളം മൃതദേഹങ്ങള്‍ കുഴിക്കാന്‍ നിര്‍ബന്ധിതനായി എന്നു വെളിപ്പെടുത്തിയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. ധര്‍മ്മസ്ഥല ക്ഷേത്രത്തിന് സമീപത്തെ നേത്രാവതി സ്‌നാനഘട്ടത്തിനു സമീപം വനത്തിലും റോഡരികിലുമായി 13 സ്ഥലങ്ങളാണ് പരിശോധനയ്ക്കായി പൊലീസ് അടയാളപ്പെടുത്തിയിരിക്കുന്നത്. 

സാക്ഷിയുടെ മൊഴി കണക്കിലെടുക്കാതെ കര്‍ണാടക സര്‍ക്കാര്‍ നടപടികള്‍ വൈകിയതോടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീടാണ് ധര്‍മ്മസ്ഥല കൊലപാതക പരമ്പരയെ സംബന്ധിച്ച വെളിപ്പെടുത്തലില്‍ അന്വേഷണം നടക്കുന്നത്. കേസില്‍ ആരോപിതനായ വീരേന്ദ്ര ഹെഗ്ഗഡെയ്ക്ക് സാമുദായികമായി ഉള്ള പിന്തുണയും ഒപ്പം കര്‍ണാടയകയിലെ പ്രതിപക്ഷത്തിള്ള ബിജെപിയില്‍ നിന്നുള്ള പിന്‍ബലവും കേസില്‍ വലിയ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തിയിരുന്നു.

ബിജെപി ആരോപണ വിധേയനായ വിരേന്ദ്ര ഹെഗ്‌ഡേയ്ക്കായി രാഷ്ട്രീയമായി രംഗത്തിറങ്ങുകയും ചെയ്തു. സ്ഥിരം വര്‍ഗീയ കാര്‍ഡിറക്കി പിടിച്ചു നില്‍ക്കാനുള്ള ശ്രമമാണ് വീരേന്ദ്ര ഹെഗ്‌ഡേയ്ക്ക് വേണ്ടി കര്‍ണാടക ബിജെപി നടപ്പിലാക്കുന്നത്.

 ധര്‍മസ്ഥലയില്‍ കൊലപാതക പരമ്പര ആരോപണങ്ങളുടെ പിന്നില്‍ കേരള സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് കര്‍ണാടക പ്രതിപക്ഷ നേതാവ് ആര്‍ അശോക രംഗത്ത് വന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക