Image

ജൂൺ, ജൂലൈ സംസ്ഥാനത്ത് മഴക്കാലം; സ്കൂൾ അവധി മാറ്റിയാലോ? അഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി

Published on 31 July, 2025
ജൂൺ, ജൂലൈ സംസ്ഥാനത്ത്  മഴക്കാലം; സ്കൂൾ അവധി  മാറ്റിയാലോ? അഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്‌കൂൾ അവധിക്കാലം ഏപ്രിൽ,മെയ് മാസങ്ങളിൽ നിന്ന് മാറ്റുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ച് മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഈ കാര്യം അറിയിച്ചത്.അവധിക്കാലം ഏപ്രിൽ, മേയ് മാസങ്ങളിൽ നിന്ന് മഴക്കാലമായ ജൂൺ, ജൂലായ് മാസങ്ങളിലേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള പൊതുചർച്ചയ്ക്ക് തുടക്കമിടുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റായി അറിയിക്കാമെന്ന് മന്ത്രി പറഞ്ഞു.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം...

കേരളത്തിലെ നമ്മുടെ സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.

ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. മെയ് - ജൂൺ എന്ന ആശയവും ഉയർന്നുവരുന്നുണ്ട്. ഈ വിഷയത്തിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നു.

ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങൾ നമുക്ക് എങ്ങനെ മാതൃകയാക്കാം?

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക. ഈ വിഷയത്തെക്കുറിച്ച് ഒരു ക്രിയാത്മകമായ ചർച്ചയ്ക്ക് തുടക്കമിടാൻ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു.

നിങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

Join WhatsApp News
ഉപദേശികൾ കൂടിയാൽ ആരവം ഉണ്ടാകും . 2025-07-31 12:57:21
സമ്മർ ഹോളിഡേയ്‌സ് ( മധ്യവേനൽ അവധി) എന്ന് പറയുന്നത്‌ തന്നെ കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരു വിശ്രമ ഇടവേളയാണ്. സാധാരണ ആധുനിക രാജ്യങ്ങളിൽ അതാണ് ചെയ്തുവരുന്നത് . അതു കൊണ്ട് പോയി കർക്കടമാസത്തിൽ കൊണ്ടുവച്ചാൽ . പിള്ളേർക്ക് ചൊറികുത്തി വീട്ടിൽ ഇരിക്കാമല്ലോ , മഴയത്തു എവിടെ പോകാനാണ്. ചില കാര്യങ്ങൾ കാല പഴക്കമുള്ള അറിവിന്റെയും, അനുഭവത്തിന്റെയും തിരിച്ചറിവിൽ നിന്ന് ഉണ്ടാകുന്നതാണ്. ചില ഉപദേശികൾക്കു രാവിലെ എന്തെങ്കിലും ഉപദേശിക്കണ്ടേ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക