ഹൈദരാബാദിലെ ഒരു സ്വകാര്യ സ്കൂളിലെ ഉയർന്ന ഫീസ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. നേഴ്സറി ക്ലാസിന് പ്രതിവർഷം 2,51,000 രൂപ ഫീസ് ഈടാക്കുന്നതിൻ്റെ രസീത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
അനുരാധ തിവാരി എന്ന യുവതിയാണ് 'X'-ൽ (ട്വിറ്റർ) ഈ രസീതിൻ്റെ ചിത്രം പങ്കുവെച്ചത്. "എബിസിഡി പഠിക്കാൻ ഇപ്പോൾ പ്രതിമാസം 21,000 രൂപ ചിലവാകും. ഇത്രയും ഉയർന്ന ഫീസ് ന്യായീകരിക്കാൻ തക്കതായി ഈ സ്കൂളുകൾ എന്താണ് പഠിപ്പിക്കുന്നത്?" എന്ന ചോദ്യത്തോടെയാണ് പോസ്റ്റ്.
പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ, വിദ്യാഭ്യാസ ചെലവിൻ്റെ ഈ വർദ്ധനവിനെതിരെ നിരവധി പേർ രംഗത്തെത്തി. സാധാരണ കുടുംബങ്ങൾക്ക് ഇത് താങ്ങാനാവില്ലെന്നും, സ്കൂളുകൾ ഇത്തരം ചൂഷണം അവസാനിപ്പിക്കണമെന്നും അഭിപ്രായങ്ങൾ ഉയർന്നു. എന്നാൽ, കുറഞ്ഞ ഫീസിൽ പഠിപ്പിക്കുന്ന ധാരാളം സ്കൂളുകൾ ഉണ്ടെന്നും, താങ്ങാൻ കഴിയാത്തവർ അത്തരം സ്ഥാപനങ്ങളെ ആശ്രയിക്കണമെന്നും ഫീസിനെ ന്യായീകരിച്ചുകൊണ്ട് ചിലർ പ്രതികരിച്ചു. സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾ സജീവമാണെങ്കിലും, സ്കൂൾ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
English summary:
Nursery school fee is ₹2.5 lakh; 'What exactly are these schools teaching?' — Private school fee sparks controversy in Hyderabad.