സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണ മെനു നാളെ (ഓഗസ്റ്റ് 1) മുതൽ പുതുക്കി. ഇനി കുട്ടികൾക്ക് ചോറും ചെറുപയർ കറിയും മാത്രമല്ല, എഗ്ഗ് റൈസ് മുതൽ കൂട്ടു കുറുമ വരെ പോഷക സമൃദ്ധമായ വിഭവങ്ങൾ ലഭിക്കും. കുട്ടികളുടെ ആരോഗ്യവും ഇഷ്ടങ്ങളും കണക്കിലെടുത്ത് വിദഗ്ധ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ മെനു തയ്യാറാക്കിയത്.
കുട്ടികളിൽ ശരിയായ പോഷകങ്ങളുടെ കുറവുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്. ഒന്ന് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പുതിയ മെനു അനുസരിച്ച് ഭക്ഷണം ലഭിക്കുക. ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിൽ ഏതെങ്കിലും ഒന്ന് നൽകണം. ഈ വിഭവങ്ങൾക്കൊപ്പം കൂട്ടുകറിയോ കുറുമ കറിയോ നിർബന്ധമായും ഉണ്ടാകണം. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തിയും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചെറുധാന്യങ്ങൾ: ചെറുധാന്യങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ആഴ്ചയിൽ ഒരു ദിവസം റാഗി ബോൾസ്, ശർക്കരയും തേങ്ങയും ചേർത്ത റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത്, ക്യാരറ്റ് പായസം, അല്ലെങ്കിൽ റാഗി/മറ്റുള്ള ചെറുധാന്യങ്ങൾ ഉപയോഗിച്ചുള്ള പായസം എന്നിവയും നൽകും.പുതിയ മെനു കുട്ടികൾക്ക് കൂടുതൽ ഇഷ്ടമാവുകയും അവരുടെ പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യൂമെന്നുമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
English summary:
School lunches will no longer be limited to just rice and green gram curry; now they'll include everything from egg rice to paneer!