ലണ്ടന്‍: യാത്രക്കാരില്‍ ഒരാള്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് വിമാനത്തിനകത്ത് നാടകീയ രംഗങ്ങള്‍. ‘അല്ലാഹു അക്ബര്‍, ട്രംപിന് മരണം’ എന്നാണ് ഇയാള്‍ മുദ്രാവാക്യം വിളിച്ചത്. തുടര്‍ന്ന് യാത്രക്കാരിലൊരാള്‍ ഇയാളെ കീഴപ്പെടുത്തി നിലത്ത് കിടത്തുകയായിരുന്നു.
തൊട്ടുപിന്നാലെ മുസ്ലിം തീവ്രാദിയെ പിടികൂടിയെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ പിടിയിലായത് ഇന്ത്യന്‍ വംശജനായ അഭയ് ദേവദാസ് നായക് ആയിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു.
ലണ്ടനിലെ ലൂട്ടോൺ വിമാനത്താവളത്തിൽ നിന്ന് ഗ്ലാസ്ഗോയിലേക്ക് പുറപ്പെട്ട ഈസിജെറ്റ് വിമാനത്തിൽ ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ 'അമേരിക്കയ്ക്ക് മരണം, ട്രംപിന് മരണം' എന്നും "അല്ലാഹു അക്ബർ" എന്നും നായക് ഉറക്കെ വിളിക്കുന്നുണ്ട്.
സ്കോട്ട്ലൻഡ് പൊലീസ് അറസ്റ്റ് ചെയ്ത നായകിനെ തിങ്കളാഴ്ച സ്കോട്ടിഷ് നഗരമായ ഗ്ലാസ്‌ഗോയുടെ അതിർത്തിയിലുള്ള പെയ്‌സ്ലി ഷെരീഫ് കോടതിയിൽ ഹാജരാക്കി. യുകെയിലെ വ്യോമയാന നിയമങ്ങൾ പ്രകാരം ആക്രമണം നടത്തിയതിനും വിമാനത്തിന്‍റെ സുരക്ഷ അപകടത്തിലാക്കിയതിനും കുറ്റം ചുമത്തി. വിമാനത്തിന് ബോംബ് വയ്ക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
ബെഡ്ഫോർഡ്ഷയറിലെ ലൂട്ടൺ സ്വദേശിയായ നായകിനെതിരെ യുകെയുടെ എയർ നാവിഗേഷൻ ഓർഡർ പ്രകാരം കുറ്റം ചുമത്തി. അദ്ദേഹത്തിനെതിരെ തീവ്രവാദ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല.