അനാവശ്യ പ്രകോപനപരമായ പ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യ. ഇനിയും പ്രകോപനം തുടർന്നാൽ അടുത്തിടെ കിട്ടിയത് പോലെയുള്ള തിരിച്ചടികൾ നേരിടേണ്ടി വരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാക് സൈനിക മേധാവി അസിം മുനീർ നടത്തിയ വീരവാദങ്ങൾക്ക് മറുപടി നൽകുകയായിരുന്നു വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാല്‍.
പാകിസ്താൻ തകർന്നാൽ പകുതി ഭൂമിയെയും ഒപ്പം കൊണ്ടുപോകുമെന്നും, ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്നും അസിം മുനീർ ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ, ഇന്ത്യ സിന്ധു നദീജല കരാർ ലംഘിച്ച് ഡാം നിർമ്മിച്ചാൽ ബോംബിട്ട് തകർക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.
ഇതിനോടുള്ള ഇന്ത്യയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, സ്വന്തം തോൽവി മറയ്ക്കാൻ വേണ്ടിയാണ് അസിം മുനീർ ഇത്തരം വീരവാദം മുഴക്കുന്നത്. സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിൽ അന്താരാഷ്ട്ര തർക്ക പരിഹാര കോടതി ഇടപെടുന്നത് അംഗീകരിക്കുന്നില്ല. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പാകിസ്താൻ പിന്തുണ നൽകുന്നത് അവസാനിപ്പിക്കുന്നത് വരെ ഈ നിലപാട് തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. അതേസമയം, അമേരിക്കയുമായുള്ള ബന്ധത്തിൽ മാറ്റങ്ങളില്ലാതെ മുന്നോട്ട് പോകുമെന്നും, ഈ മാസം അലാസ്കയിൽ സംയുക്ത സൈനിക അഭ്യാസം നടക്കുമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
English summary:
“It would be better to stop unnecessary provocation, otherwise there will be wounding consequences like the ones recently faced,” India responds to Pakistan.