ഉപഭോക്താക്കളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം പ്രതിമാസ ബാലൻസ് വർധന പിൻവലിച്ച് ഐസിഐസിഐ ബാങ്ക്. മെട്രോ നഗരങ്ങളിലെ അക്കൗണ്ടുകളിൽ ₹50,000 ആയി ഉയർത്തിയ മിനിമം ബാലൻസ് ₹15,000 ആയി കുറച്ചു. ഉപഭോക്താക്കളുടെ പ്രതികരണം കണക്കിലെടുത്താണ് തീരുമാനം മാറ്റിയതെന്ന് ബാങ്ക് അറിയിച്ചു.
ഓഗസ്റ്റ് ഒന്നിന് ശേഷമുള്ള പുതിയ അക്കൗണ്ടുകൾക്കാണ് ബാങ്ക് മിനിമം ബാലൻസ് കുത്തനെ ഉയർത്തിയിരുന്നത്. മെട്രോ നഗരങ്ങളിൽ ഇത് ₹10,000-ൽ നിന്ന് ₹50,000 ആക്കിയിരുന്നു. പുതിയ മാറ്റമനുസരിച്ച്, മെട്രോ, നഗരപ്രദേശങ്ങളിൽ മിനിമം ബാലൻസ് ₹15,000 ആയും, അർധ നഗരങ്ങളിൽ ₹7,500 ആയും, ഗ്രാമീണ മേഖലയിൽ ₹2,500 ആയും കുറച്ചു. എന്നാൽ, പുതിയ നിരക്കുകൾ പഴയ നിരക്കിനേക്കാൾ ഏകദേശം 50% കൂടുതലാണ് എന്നതും ശ്രദ്ധേയമാണ്.
സാലറി അക്കൗണ്ടുകൾ, 60 വയസ്സിന് മുകളിലുള്ളവരുടെ അക്കൗണ്ടുകൾ, ബേസിക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ, ഭിന്നശേഷിയുള്ളവരുടെ അക്കൗണ്ടുകൾ, 2025 ജൂലൈ 31-ന് മുമ്പ് തുറന്ന അക്കൗണ്ടുകൾ എന്നിവയ്ക്ക് മിനിമം ബാലൻസ് ബാധകമല്ല. അക്കൗണ്ടിൽ ആവശ്യമായ മിനിമം ബാലൻസ് ഇല്ലെങ്കിൽ, കുറവുള്ള തുകയുടെ 6% അല്ലെങ്കിൽ ₹500 (ഏതാണോ കുറവ്) പിഴയായി ഈടാക്കും. നിലവിൽ, ഐസിഐസിഐ ബാങ്കിലെ സേവിങ്‌സ് അക്കൗണ്ടുകൾക്ക് പ്രതിവർഷം 2.5% പലിശ ലഭിക്കും.
English summary:
ICICI Bank withdraws minimum balance hike following strong customer opposition.