സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസ്) ഇടപാടുകളുടെ ചാർജുകൾ പരിഷ്കരിച്ചു. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 മുതൽ ഈ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. 25,000 രൂപ വരെയുള്ള ഓൺലൈൻ ഐഎംപിഎസ് ഇടപാടുകൾക്ക് നിലവിലെപ്പോലെ ചാർജുകൾ ഉണ്ടാകില്ല. എന്നാൽ, 25,000 രൂപയ്ക്ക് മുകളിലുള്ള ഓൺലൈൻ ഇടപാടുകൾക്ക് ഇനി ചെറിയ തുക സർവീസ് ചാർജായി ഈടാക്കും. 25,000 മുതൽ 1,00,000 രൂപ വരെ 2 രൂപയും, 1,00,000 മുതൽ 2,00,000 രൂപ വരെ 6 രൂപയും, 2,00,000 മുതൽ 5,00,000 രൂപ വരെ 10 രൂപയും (ജിഎസ്ടി അധികം) ആണ് പുതിയ നിരക്കുകൾ. സാലറി പാക്കേജ് അക്കൗണ്ടുകൾക്ക് ഓൺലൈൻ ഐഎംപിഎസ് ട്രാൻസ്ഫറുകൾക്ക് പൂർണമായ ഇളവ് ലഭിക്കും.
അതേസമയം, ബാങ്ക് ശാഖകൾ വഴിയുള്ള ഇടപാടുകൾക്ക് നിലവിലെ ചാർജുകളിൽ മാറ്റമില്ല. ഈ ഇടപാടുകൾക്ക് ഏറ്റവും കുറഞ്ഞ ചാർജ് 2 രൂപ + ജിഎസ്ടിയും കൂടിയ ചാർജ് 20 രൂപ + ജിഎസ്ടിയുമാണ്. ഡിഫൻസ് സാലറി പാക്കേജ്, പോലീസ് സാലറി പാക്കേജ്, റെയിൽവേ സാലറി പാക്കേജ്, എസ്ബിഐ റിഷ്ടേ പോലുള്ള ഫാമിലി സേവിങ്സ് അക്കൗണ്ടുകൾ എന്നിവയുൾപ്പെടെ നിരവധി സാലറി പാക്കേജ് അക്കൗണ്ടുകൾക്ക് ഓൺലൈൻ ഐഎംപിഎസ് ചാർജുകൾ ബാധകമല്ല. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നൽകുന്ന ഒരു 24 മണിക്കൂർ തത്സമയ പെയ്മെന്റ് സേവനമാണ് ഐഎംപിഎസ്, ഇതിലൂടെ ഒരു ഇടപാടിന് 5 ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാം.
English summary:
SBI introduces new charges for IMPS transactions; effective from August 15.