കൊച്ചി: തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിൽ വൈകിയെത്തിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഗ്രൗണ്ടിൽ രണ്ട് റൗണ്ട് ഓടിപ്പിക്കുകയും ഇരുട്ടുമുറിയിൽ ഇരുത്തുകയും ചെയ്ത സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ നടപടി ഉറപ്പെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി എടുക്കും എന്ന് മന്ത്രി പറഞ്ഞു. സ്കൂളിൽ വൈകി എത്തിയതിനാണ് അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഒറ്റക്കിരുത്തുകയും സ്കൂളിൽ ഓടിക്കുകയും ചെയ്തത്.
സ്കൂൾ അധികാരികൾ ടി സി വാങ്ങിപ്പോകാനാണ് പറഞ്ഞതെന്ന് രക്ഷിതാവ് അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. ഇഷ്ടമുള്ള ശിക്ഷ നൽകുന്നത് കേരള വിദ്യാഭ്യാസത്തിനു അനുയോജ്യമല്ല. കുട്ടി ടിസി വാങ്ങേണ്ടതില്ലെന്ന് പറഞ്ഞ മന്ത്രി അവിടെത്തന്നെ കുട്ടിയെ പഠിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു