ആലപ്പുഴ: ആലപ്പുഴ കൊമ്മാടിയില്‍ മകന് മാതാപിതാക്കളെ കുത്തിക്കൊന്നു. ചാത്തനാട് പനവേലി പുരയിടത്തില്‍ ആഗ്നസ്, തങ്കരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. മകന് ബാബുവാണ് (47) ഇരുവരെയും ആക്രമിച്ചത് എന്നാണ് വിവരം.
സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ് ബാബു എന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകീട്ട് ബാബു വീട്ടില്‍ വഴക്കുണ്ടായിക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രക്ഷിതാക്കളെ ആക്രമിച്ചത്. മാതാവ് ആഗ്നസിനെയാണ് ബാബു ആദ്യം ആക്രമിച്ചത്. ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട് ഓടിയ തങ്കരാജിനെ പിന്നാലെ പിന്തുടര്‍ന്നെത്തിയാണ് ബാബു ആക്രമിച്ചത്. വീട്ടിലേക്കുള്ള വഴിയിലായിരുന്നു തങ്കരാജിന്റെ മൃതദേഹം കണ്ടെത്തിയത്. ആഗ്നസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട ബാബുവിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. ആഗ്നസിന്റെയും തങ്കരാജിന്റെയും മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മദ്യപിച്ചെത്തി സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കുന്ന വ്യക്തിയാണ് ബാബു എന്നാണ് പൊലീസ് നല്കുന്ന വിവരം. കഴിഞ്ഞ ആഴ്ചയും ബാബുവും രക്ഷിതാക്കളുംമായി വഴക്കുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നും വീട്ടില്‍ ഉണ്ടായത് എന്നാണ് വിവരം.