കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ഇതോടെ നൂറിലധികം യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങി. രാത്രി 10.40-ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാറുകൾ ചൂണ്ടിക്കാട്ടി റദ്ദാക്കിയത്.
ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ ശേഷം തിരികെ ദുബായിലേക്ക് സർവീസ് നടത്തേണ്ടിയിരുന്ന വിമാനമാണിത്. എന്നാൽ, മോശം കാലാവസ്ഥ കാരണം വിമാനം കോയമ്പത്തൂരിലേക്ക് വഴി തിരിച്ചുവിട്ടു. അവിടെവെച്ച് വിമാനത്തിന് സാങ്കേതിക തകരാർ നേരിട്ടെന്നാണ് യാത്രക്കാർക്ക് ലഭിച്ച വിശദീകരണം.
വിമാനം നാളെ വൈകിട്ട് 5.30-ന് മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചതായി യാത്രക്കാർ പറയുന്നു. രാത്രി എട്ടുമണിയോടെ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരെ ആദ്യം 11.40-ന് വിമാനം പുറപ്പെടുമെന്ന് അറിയിച്ചിരുന്നു. പിന്നീട്, യാതൊരു മുന്നറിയിപ്പും കൂടാതെ വിമാനം റദ്ദാക്കിയതായി വിവരം ലഭിക്കുകയായിരുന്നു. ഇതോടെ യാത്രക്കാർ കടുത്ത ആശങ്കയിലും പ്രതിഷേധത്തിലുമാണ്.
English summary:
Flight cancelled without notice at Nedumbassery; over 100 passengers stranded.