കൈക്കൂലിയും തട്ടിപ്പും വഴി വ്യാജ വിസകൾ നിർമ്മിച്ച് നൽകിയിരുന്ന ക്രിമിനൽ സംഘം കുവൈത്തിൽ പിടിയിലായി. ഹവല്ലി ഗവർണറേറ്റിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ആക്ടിംഗ് ഡയറക്ടറായിരുന്ന ഒരു ജീവനക്കാരനാണ് ഈ തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ.
ഇയാൾ തൻ്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഇടനിലക്കാരന് രേഖകൾ കൈമാറി. ഈ രേഖകൾ ഉപയോഗിച്ച് ഇടനിലക്കാരൻ ഈജിപ്ഷ്യൻ പൗരന്മാർക്ക് വ്യാജ വർക്ക് പെർമിറ്റുകൾ നിർമ്മിച്ചു. ഇതിനായി ഓരോ അപേക്ഷയിൽ നിന്നും 130 മുതൽ 250 കുവൈത്തി ദിനാർ വരെ കൈക്കൂലി വാങ്ങിയിരുന്നതായി പോലീസ് കണ്ടെത്തി.
അന്വേഷണത്തിനൊടുവിൽ ഇടനിലക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, മാൻപവർ അതോറിറ്റിയിലെ ഉദ്യോഗസ്ഥനിൽ നിന്നാണ് രേഖകൾ ലഭിച്ചതെന്ന് ഇയാൾ സമ്മതിച്ചു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമനടപടികൾക്കായി കൈമാറിയതായി അധികൃതർ അറിയിച്ചു.
English summary:
Fake visa racket; expatriate gang involved in major fraud arrested in Kuwait.