തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ, ഡോക്ടറുടെ ഭാഗത്ത് പിഴവുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് ഉറപ്പ് നൽകി. യുവതിക്ക് വിദഗ്ധ ചികിത്സ സർക്കാർ സഹായത്തോടെ ലഭ്യമാക്കുമെന്നും, ട്യൂബ് നീക്കം ചെയ്യാൻ സാധിച്ചില്ലെങ്കിൽ നഷ്ടപരിഹാരം നൽകുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
കാട്ടാക്കട മലയിൻകീഴ് സ്വദേശിനിയായ സുമയ്യ (27) ആണ് ഈ ദുരിതത്തിന് ഇരയായത്. 2023 മാർച്ച് 22-ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ സുമയ്യയുടെ നെഞ്ചിൽ, രക്തവും മരുന്നുകളും നൽകാനായി ഉപയോഗിച്ച സെൻട്രൽ ലൈനിന്റെ 'ഗൈഡ് വയർ' കുടുങ്ങിപ്പോകുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഈ വയർ തിരിച്ചെടുക്കാൻ ഡോക്ടർമാർ മറന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. സുമയ്യ പിന്നീട് ശ്രീചിത്ര ആശുപത്രിയിൽ ഉൾപ്പെടെ ചികിത്സ തേടി. എന്നാൽ, എക്സ്റേ പരിശോധനയിൽ ധമനികളോട് ചേർന്ന് വയർ ഒട്ടിപ്പോയതായി കണ്ടെത്തി. ഇനി ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യാനാകില്ലെന്ന് വിദഗ്ധ ഡോക്ടർമാർ അറിയിച്ചു.
സുമയ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർ രാജീവ് കുമാറിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 336, 338 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. നീതിയും വിദഗ്ധ ചികിത്സയും ആവശ്യപ്പെട്ട് സുമയ്യയും കുടുംബവും ആരോഗ്യവകുപ്പ് ഡയറക്ടറെയും അധികാരികളെയും സമീപിച്ചിരുന്നു. നാല് ദിവസത്തിനകം മറുപടി നൽകാമെന്ന് അഡീഷണൽ ഡിഎച്ച്എസ് ഡോ. കെ.എസ്. ഷിനു അറിയിച്ചു.
English summary:
Incident of a tube getting stuck in the chest; the tube will be removed, and if unsuccessful, compensation will be provided; action will be taken if the doctor is at fault.