കൊല്ലം കടയ്ക്കലിൽ വീടുനിർമ്മാണത്തിനുള്ള ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയു തൊഴിലാളികളുമായി തർക്കമുണ്ടായ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി വീട്ടുടമയും മുൻ കേന്ദ്രീയ വിദ്യാലയ അധ്യാപികയുമായ പ്രിയ വിനോദ്. ഏകദേശം മുപ്പതോളം മദ്യപസംഘത്തിന്റെ കാവലിലാണ് തനിക്ക് 183 കല്ലുകൾ ഒറ്റയ്ക്ക് ഇറക്കേണ്ടിവന്നതെന്ന് അവർ പറഞ്ഞു. തർക്കം പരിഹരിക്കാൻ വന്നത് സിപിഎം വാർഡ് അംഗം ഉൾപ്പെടെയുള്ളവരായിരുന്നുവെന്നും പ്രിയ ആരോപിച്ചു.
തർക്കത്തിന് കാരണമായ സിഐടിയു തൊഴിലാളികൾക്ക് യൂണിഫോമോ ലൈസൻസോ ഇല്ലായിരുന്നുവെന്നും, അവർ മദ്യപിച്ചാണ് എത്തിയതെന്നും പ്രിയ പറഞ്ഞു. “ജീവിക്കാൻ സിഐടിയുവിന് കപ്പം കൊടുക്കേണ്ട അവസ്ഥയാണ്. നാട്ടിൽ പിണറായിസം വളർത്താൻ ഞങ്ങൾ കപ്പം കൊടുക്കണമോ? ലക്ഷങ്ങൾ ചെലവാക്കി വീട് വെക്കുന്നത് ഇവരാരിൽനിന്നും വാങ്ങിയിട്ടല്ല,” പ്രിയ വിനോദ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ ടൈൽസ് കൊണ്ടുവന്നപ്പോഴും സമാനമായ അനുഭവം ഉണ്ടായി. അന്ന് 12,500 രൂപ ആവശ്യപ്പെട്ടെങ്കിലും പിന്നീട് വിലപേശി 3,850 രൂപ നൽകേണ്ടിവന്നു. കൂലിയുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡങ്ങളൊന്നും അവർക്കില്ലെന്നും പ്രിയ ആരോപിച്ചു.
തർക്കത്തെത്തുടർന്ന് ബുധനാഴ്ച രാത്രിയിൽ തറയോടുകളുമായി എത്തിയ വാഹനം ഗേറ്റിനകത്ത് കയറ്റിയെങ്കിലും ഡ്രൈവർക്ക് ലോഡിറക്കാൻ കഴിഞ്ഞില്ല. പ്രിയയുടെ ഭർത്താവ് എസ്.ഐ. ഐ.വി. വിനോദ് സ്ഥലത്തില്ലായിരുന്നു. ഇതോടെ മറ്റാരും ലോഡിറക്കാൻ പാടില്ലെന്ന് തൊഴിലാളികൾ നിലപാടെടുത്തു. ഇതിനെത്തുടർന്ന് പ്രിയ സ്വന്തമായി ലോഡിറക്കുകയായിരുന്നു. പ്രിയ ലോഡിറക്കി തീരുംവരെ തൊഴിലാളികൾ ഗേറ്റിന് പുറത്ത് കാത്തുനിന്നു.
സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും അവർ എത്തിയപ്പോഴേക്കും പ്രിയ ലോഡിറക്കി കഴിഞ്ഞിരുന്നു. ഒരു തറയോടിന് രണ്ട് രൂപ വെച്ച് 300 രൂപ മാത്രമാണ് കൂലി ആവശ്യപ്പെട്ടതെന്നും രാഷ്ട്രീയ വിരോധം കാരണമാണ് പ്രിയ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പ്രദേശത്തെ സിഐടിയു നേതാക്കൾ പ്രതികരിച്ചു.
English summary:
Unloading was done alone under the watch of 30 drunk men”; Should ordinary people pay tribute to strengthen Pinarayi’s rule? – Allegations by Priya Vinod.