കടലിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളിയെ കാണാതായി. ആലപ്പുഴ ബീച്ചിലെ കാറ്റാടി ഭാഗത്ത് നിന്ന് പൊന്തുവള്ളത്തിൽ പോയ തിരുവമ്പാടി സ്വദേശിയായ ജോൺ ബോസ്കോ (ജിമ്മിച്ചൻ - 47) നെയാണ് കാണാതായത്. ഇന്ന് രാവിലെ ആറ് മണിയോടെ ജോൺ ബോസ്കോ വലയിടുന്നത് സമീപത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന മറ്റ് തൊഴിലാളികൾ കണ്ടിരുന്നു. എന്നാൽ, ഏഴ് മണിയോടെ ആളെ കാണാതെ വള്ളം മാത്രം ഒഴുകിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരം അധികൃതരെ അറിയിച്ചത്.
മത്സ്യത്തൊഴിലാളികൾ ഉടൻതന്നെ സ്വന്തം നിലയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. രാവിലെ ഏഴ് മണിക്ക് കാണാതായ വിവരം ഫിഷറീസ് വകുപ്പിനെ അറിയിച്ചിട്ടും തിരച്ചിൽ ആരംഭിക്കാൻ 11 മണി കഴിഞ്ഞുവെന്ന് തൊഴിലാളികൾ ആരോപിച്ചു. ഇത് ചൂണ്ടിക്കാട്ടി പ്രദേശത്ത് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു. വൈകുന്നേരം ആറ് മണിവരെ ഫിഷറീസ് വകുപ്പും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ജോൺ ബോസ്കോയെ കണ്ടെത്താനായില്ല.
English summary:
A houseboat was found drifting in Alappuzha with no one on board; a complaint was filed that a man who had gone fishing is missing; protest over the delay in the search.