ബെംഗളൂരുവിൽ ലിവ്-ഇൻ പങ്കാളിയായിരുന്ന യുവതിയെ യുവാവ് നടുറോഡിൽവെച്ച് തീ കൊളുത്തി കൊലപ്പെടുത്തി. 35-കാരിയായ വനജാക്ഷിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ പങ്കാളിയായിരുന്ന വിറ്റൽ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാല് വർഷമായി വിറ്റലും വനജാക്ഷിയും ഒരുമിച്ച് താമസിക്കുകയായിരുന്നു. വിറ്റൽ സ്ഥിരം മദ്യപിച്ച് ഉപദ്രവിക്കാൻ തുടങ്ങിയതോടെ വനജാക്ഷി അടുത്തിടെ അയാളുമായി അകന്നു. പിന്നീട് അവർ മാരിയപ്പ എന്ന മറ്റൊരു സുഹൃത്തുമായി അടുപ്പം സ്ഥാപിച്ചു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
സംഭവദിവസം, മാരിയപ്പയുടെ കാറിൽ ക്ഷേത്രത്തിൽനിന്ന് മടങ്ങുകയായിരുന്ന വനജാക്ഷിയെ വിറ്റൽ പിന്തുടർന്നു. ഒരു ട്രാഫിക് സിഗ്നലിൽ കാർ നിർത്തിയപ്പോൾ വിറ്റൽ കാറിനകത്തേക്ക് പെട്രോൾ ഒഴിച്ചു. പെട്രോൾ ഡ്രൈവർക്കും മാരിയപ്പയ്ക്കും വനജാക്ഷിക്കും മേൽ തെറിച്ചു. ഇതോടെ മൂന്നുപേരും കാറിൽനിന്ന് ചാടിയിറങ്ങി.
വിറ്റൽ വനജാക്ഷിയെ പിന്തുടർന്ന് കൂടുതൽ പെട്രോൾ ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ വനജാക്ഷിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിനിടെ വിറ്റലിനും പൊള്ളലേറ്റു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
English summary:
First, three marriages, then a four-year live-in relationship with a 35-year-old woman; he set his partner on fire in the middle of the road and killed her; the youth has been arrested in Bengaluru.