പാറ്റ്‌ന: മരിച്ചുപോയ തന്റെ അമ്മയെ കോൺഗ്രസ്-ആർജെഡി റാലിയിൽ അധിക്ഷേപിച്ചുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന വോട്ടർ അധികാർ യാത്രയിലാണ് തനിക്കും അമ്മയ്ക്കും നേരെ അധിക്ഷേപകരമായ പരാമർശങ്ങളുണ്ടായതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ കോടിക്കണക്കിന് അമ്മമാരെ സേവിക്കാൻ വേണ്ടിയാണ് താൻ, സ്വന്തം അമ്മയിൽ നിന്ന് വേർപിരിഞ്ഞതെന്ന് മോദി പറഞ്ഞു. രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത നൂറ് വയസ്സ് പൂർത്തിയാക്കി അന്തരിച്ച തന്റെ അമ്മയെയാണ് ആർജെഡിയും കോൺഗ്രസും അധിക്ഷേപിച്ചതെന്ന് മോദി പറഞ്ഞു.
അമ്മ നമ്മുടെ ലോകമാണ്. അമ്മ നമ്മുടെ അഭിമാനമാണ്. പാരമ്പര്യം നിറഞ്ഞ ഈ ബിഹാറിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവം ഞാൻ സങ്കൽപ്പിച്ചിട്ട് പോലുമില്ല. ബിഹാറിലെ ആർജെഡി-കോൺഗ്രസ് വേദിയിൽ നിന്ന് എന്റെ അമ്മയെ അധിക്ഷേപിച്ചു... ഈ അധിക്ഷേപങ്ങൾ എന്റെ അമ്മയെ മാത്രം അപമാനിക്കുന്നതല്ല. ഇത് രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും പെൺമക്കളെയും അപമാനിക്കുന്നതാണ്- മോദി പറഞ്ഞു.