ബെയ്ജിങ്: ചൈനയിലെ രഹസ്യ സൈനിക കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി പാകിസ്താന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. പാക് സൈന്യത്തിന്റെ ഭരണഘടനാപരമായ തലവന്‍ കൂടിയായ അദ്ദേഹം ഞായറാഴ്ച ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്പ്പറേഷന് ഓഫ് ചൈനയിലാണ് (എവിഐസി) സന്ദര്‍ശനം നടത്തിയത്.
എവിഐസിയിലെ അത്യാധുനികമായ സൈനികോപകരണങ്ങളെക്കുറിച്ചും പ്രത്യേകിച്ച് പുതിയ യുദ്ധവിമാനങ്ങളെക്കുറിച്ചും അദ്ദേഹത്തിന് പ്രത്യേക വിവരണം ലഭിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതാദ്യമായാണ് ഒരു വിദേശരാജ്യത്തലവന്‍ ഈ കേന്ദ്രം സന്ദര്‍ശിക്കുന്നത്.
ജെ 10 യുദ്ധവിമാനം, പാകിസ്താനുമായി ചേര്‍ന്നുള്ള ജെഎഫ് -17 തണ്ടറിന്റെ നിര്‍മാണം, ജെ-20 സ്റ്റെല്‍ത്ത് അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ നിര്‍മാണ പുരോഗതി എന്നിവ ഉള്‍പ്പെടെ എവിഐസിയുടെ അത്യാധുനിക ശേഷികളെക്കുറിച്ച് വിവരിച്ചുനൽകിയതായി അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. പത്തുദിവസത്തെ സന്ദര്‍ശനത്തിനാണ് സര്‍ദാരി ചൈനയിലെത്തിയിട്ടുള്ളത്.