പാലക്കാട്: പോക്‌സോ കേസില്‍ അറസ്റ്റിലായ ടാറ്റൂ ആര്‍ട്ടിസ്റ്റ് ബിപിനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടു നഗ്‌നവിഡിയോകളും മറ്റും ആവശ്യപ്പെടുകയും പിന്നീടതു പ്രചരിപ്പിക്കും എന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയില്‍ കഴിഞ്ഞ ദിവസമാണ് കൊല്ലം പുന്നല പിറവന്തൂര്‍ കരവൂര്‍ ഷണ്‍മുഖ വിലാസത്തില്‍ ബി ബിപിനെ (22) അറസ്റ്റ് ചെയ്തത്. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് എറണാകുളത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി സമാനമായ രീതിയില്‍ ഒട്ടേറെ പെണ്‍കുട്ടികളെ ഇത്തരത്തില്‍ പരിചയപ്പെട്ടു ചതിയില്‍ പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
സാമൂഹിക മാധ്യമം വഴിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. സ്നാപ് ചാറ്റ് വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് എന്നാണ് വിവരം. പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ അയച്ചു കൊടുത്ത് നിരവധി പേരില്‍ നിന്നും ഇയാള്‍ പണം വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്. പിന്നാലെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സൈബര്‍ പൊലീസിന്റെ സഹായത്തോടെയും സമാനരീതിയിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതു പരിശോധിച്ചും നടത്തിയ അന്വേഷത്തിനൊടുവിലാണ് ബിപിനെ പിടികൂടിയത്. തന്നെ കൃത്യമായി തിരിച്ചറിയാതിരിക്കാനുള്ള സാങ്കേതികവിദ്യ പ്രതി ഉപയോഗിച്ചിരുന്നു എന്നും പൊലീസ് പറഞ്ഞു.
കോഴിക്കോട് തേഞ്ഞിപ്പലത്ത് സമാനമായ കേസ് ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ടാറ്റൂ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന ബിപിന്‍ കോസ്‌മെറ്റിക് സയന്‍സില്‍ ബിരുദ വിദ്യാര്‍ഥി കൂടിയാണ്.