തിരുവനന്തപുരം : ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സർക്കാരിനും ജനങ്ങള്‍ക്കുമിടയിലുള്ള ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമായി 'മുഖ്യമന്ത്രി എന്നോടൊപ്പം' അഥവാ 'സിഎം വിത്ത് മി' എന്ന പേരില്‍ സര്‍ക്കാര്‍ സമഗ്ര സിറ്റിസണ്‍ കണക്ട് സെന്റർ ആരംഭിക്കുന്നു.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. വെള്ളയമ്പലത്ത് എയര്‍ ഇന്ത്യയില്‍ നിന്ന് ഏറ്റെടുത്ത കെട്ടിടത്തിലാകും സിറ്റിസണ്‍ കണക്ട് സെന്റര്‍ പ്രവര്‍ത്തിക്കുക.
ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക, സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുക, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉള്‍ക്കൊള്ളുക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന സര്‍ക്കാരിന്റെ പ്രതിബദ്ധത സാക്ഷാത്കരിക്കുക എന്നിവയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ജനങ്ങള്‍ വികസനത്തിലെ ഗുണഭോക്താക്കള്‍ മാത്രമല്ല നാടിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് സജീവ പങ്കാളികളുമാണെന്ന മുദ്രാവാക്യമാണ് സര്‍ക്കാര്‍ പദ്ധതിയിലൂടെ മുന്നോട്ട് വയ്ക്കുന്നത്.
പ്രധാന സര്‍ക്കാര്‍ പദ്ധതികള്‍, ക്ഷേമ പദ്ധതികള്‍, മേഖലാധിഷ്ഠിത സംരംഭങ്ങള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ നല്‍കുക. പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, കാലതാമസം കുറയ്ക്കുക, ജനങ്ങളുടെ പ്രതികരണം വിശകലനം ചെയ്യുക തുടങ്ങിയ നടപടികളും 'മുഖ്യമന്ത്രി എന്നോടൊപ്പം' എന്ന പരിപാടിയുടെ ഭാഗമാകും.