Image

പ്രപഞ്ചത്തെയും മനുഷ്യനെയും സ്നേഹിച്ചവൻ... (അനുസ്മരണം: നൈന മണ്ണഞ്ചേരി)

Published on 18 September, 2025
പ്രപഞ്ചത്തെയും മനുഷ്യനെയും സ്നേഹിച്ചവൻ... (അനുസ്മരണം: നൈന മണ്ണഞ്ചേരി)

കെ എം ബഷീറിന് ശേഷം സിറാജിനുണ്ടായ മറ്റൊരു നഷ്ടം, കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ വേർപിരിഞ്ഞ സിറാജ് പത്രത്തിലെ സബ് എഡിറ്റർ ജാഫർ അബ്ദുൽറഹീമിന്റെ വേർപാട് അറിഞ്ഞപ്പോൾ അങ്ങനെയാണ് തോന്നിയത്. രണ്ടു പേരെയും എനിക്ക് നേരിട്ട് പരിചയമുണ്ടായിരുന്നില്ല. എങ്കിലും രണ്ടു പേരെയും എഴുത്തിലൂടെ പരിചയപ്പെട്ട ആർക്കും അവരെ മറക്കാൻ കഴിയുമായിരുന്നില്ല.. അതു കൊണ്ടു തന്നെയാണ് ഒരു ആഗസ്റ്റ് മാസത്തിൽ അപ്രതീക്ഷിതമായി കെ.എം.ബി. എന്ന കെ.എം.ബഷീർ  വിട  പറഞ്ഞപ്പോൾ അത്ര മേൽ. വേദന തോന്നിയത്, നിയമസഭാ റിപ്പോർട്ടുകളിലൂടെയും ശ്രദ്ധേയമായ  മറ്റു റിപ്പോർട്ടുകളിലൂടെയുമൊക്കെ നേരിട്ട് കാണാത്തവർക്കും  പ്രിയങ്കരനായി മാറിയിരുന്നല്ലോ ബഷീർ..

കെ.എം.ബിയെക്കുറിച്ച്  വേർപാടിന് ശേഷം ജാഫർ എഴുതിയ ‘’ഓർമ്മകളിൽ വിതുമ്പി സമൂഹ മാധ്യമങ്ങളും’’’ എന്ന ലേഖനം ഇപ്പോൾ വീണ്ടും  വായിച്ചപ്പോൾ അറിയാതെ മനസ്സ് വിതുമ്പി. ജാഫറിന്റെയും അപ്രതീക്ഷിത വേർപാടും അതു പോലെ മനസ്സിൽ നൊമ്പരമായി മാറിയല്ലോ ?        

ജാഫറിന്റെ വേർപാടിന് ശേഷം അദ്ദേഹത്തിന്റെ എഴുത്ത് കൂടുതൽ ശ്രദ്ധിച്ചപ്പോഴാണ് എത്ര മേൽ ആഴത്തിലും ഗഹനവുമായാണ് അദ്ദേഹം ഓരോ റിപ്പോർട്ടുകളും ലേഖനങ്ങളുമൊക്കെ തയ്യാറാക്കിയിരുന്നതെന്ന് അറിയാൻ കഴിയുന്നത്.

‘’അത് ഭക്ഷണപ്പൊതികളല്ല, മരണക്കെണികളാണ്..’’  എന്ന സിറാജിൽ വന്ന  ലേഖനവും അക്കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ്. മനുഷ്യ മനസ്സിൽ ഒരു നൊമ്പരമായി ഇപ്പോഴും  എരിഞ്ഞു കൊണ്ടിരിക്കുന്ന ഗസ്സയെക്കുറിച്ചുള്ള വേദനകൾ ഈ ലേഖനം പങ്കു വെക്കുന്നു. . ‘’ഒന്നുകിൽ വിശന്നു മരിക്കുക, അല്ലെങ്കിൽ ഭക്ഷണത്തിനു വേണ്ടി ക്യൂ നിൽക്കുമ്പോൾ വെടിയേറ്റ് മരിക്കുക, ഈ രണ്ട് മാർഗ്ഗങ്ങളേ തങ്ങൾക്ക് മുന്നിലുള്ളു’’ എന്ന വിലാപം ഫലസ്തീനികളുടെ ഇന്നത്തെ അവസ്ഥയുടെ ഓർമ്മപ്പെടുത്തലാണ്. ഫലസ്തീനികളെ കൂട്ടമായി ഒരു കേന്ദ്രത്തിൽ എത്തിച്ച് കൊന്നൊടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമല്ലേ ഈ ഭക്ഷണ വിതരണം എന്ന സംശയവും ഇതിൽ കാണാം.

നിരായുധരും പട്ടിണിപ്പാവങ്ങളുമായ നിസ്സഹായരായ സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന  ഒരു ജനതയോട് യുദ്ധമെന്ന പേരിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയെക്കുറിച്ചുള്ള നൊമ്പരവും രോഷവും ഇതിലെ ഓരോ വരികളിലും നിറഞ്ഞു നിൽക്കുന്നു.

അതേ പോലെ സിറാജ് പ്രതിവാരത്തിലും പല വിഷയങ്ങളെക്കുറിച്ചും എഴുതിയിരുന്നു. കൊച്ചി നഗരത്തിലെ മംഗള വനത്തെക്കുറിച്ച് എഴുതിയ ‘’ നഗരത്തിന്റെ ശ്വാസകോശം..’’ എന്ന ഫീച്ചർ ഉദാഹരണം. ഏത് വിഷയത്തെക്കുറിച്ചും സമഗ്രമായി പഠിച്ചെഴുതുകയെന്ന ജാഫറിന്റെ സവിശേഷ ശൈലി ഈ ഫീച്ചറിലും കാണാം.

തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്ക്കൂൾ യുവജനോൽസവത്തെ കുറിച്ച് സമഗ്രവും ആകർഷകവുമായ എത്ര റിപ്പോർട്ടുകളാണ് ജാഫർ എഴുതിയത്. ‘’കനകകല ‘’ എന്ന പേരിൽ സിറാജ് ഒരുക്കിയ പ്രത്യേക കലോൽസവ പേജിനെ ജാഫറിന്റെ റിപ്പോർട്ടുകൾ സമ്പന്നമാക്കി. മ‍അദിൻ ജേർണലിസം സ്ക്കൂളിൽ പഠിക്കുമ്പോൾ തന്നെ പത്ര പ്രവർത്തനത്തിന്റെ ആവേശം നെഞ്ചിലേറ്റിയ ആളായിരുന്നു ജാഫർ, അതു കൊണ്ടാണല്ലോ അവിടുത്തെ വാർത്തകളും വിശേഷങ്ങളുമായി സ്വന്തമായി പത്രം പുറത്തിറക്കാനും പഠന കാലത്ത് തന്നെ ജാഫർ തയ്യാറായത്.

ഇനി എല്ലാം ഓർമ്മകൾ, കെ.എം ബഷീറിനൊപ്പം ഒരു നൊമ്പരമായി എന്നും ഓർക്കാൻ ജാഫറും..എന്നെ സംബന്ധിച്ച് സിറാജിലും പ്രതിവാരത്തിലും ലേഖനങ്ങളും സൃഷ്ടികളും നേരത്തെ മുതൽ പ്രസിദ്ധീകരിക്കുന്നതു കൊണ്ടാകാം നേരിട്ടു കണ്ടിട്ടില്ലെങ്കിലും പലരും എന്റെ പ്രിയപ്പെട്ടവരായത്..

..’’പിണങ്ങിയും ഇണങ്ങിയും പ്രപഞ്ചത്തെ സ്നേഹിച്ച് ലോകരെ വിശ്വസിച്ച് സ്നേഹവും കരുതലും നൽകുന്നവൻ’’ എന്നാണ് ജാഫറിന്റെ ഫെയ്സ് ബുക്ക് പേജിലെ ആമുഖ വാചകം. അതെ ഈ ചെറിയ പ്രായത്തിൽ എല്ലാവരെയും സ്നേഹിച്ച്  കടന്നു പോകുമ്പോഴും എല്ലാവരെക്കൊണ്ടും, നന്മകൾ മാത്രം പറയിക്കാൻ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. പ്രിയപ്പെട്ട ജാഫർ, നിറെ നന്മയും സ്നേഹവും എഴുത്തും എന്നും ഞങ്ങളുടെ ഓർമ്മകളിലുണ്ടാവും..


ജാഫർ അബ്ദുൽറഹീം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക