Image

സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ കനക്കാൻ സാധ്യത, 9 ജില്ലകൾക്ക് മുന്നറിയിപ്പ്

രഞ്ജിനി രാമചന്ദ്രൻ Published on 16 October, 2025
സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ കനക്കാൻ സാധ്യത, 9 ജില്ലകൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും മഴ കനക്കും. മധ്യകേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് (ഒക്ടോബർ 16) കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി.

നാളെ (ഒക്ടോബർ 17) എട്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എറണാകുളത്ത് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാഹചര്യമുണ്ട്. 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്.

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (ഒക്ടോബർ 16) മുതൽ ഒക്ടോബർ 20 വരെയും, കർണാടക തീരത്ത് ഒക്ടോബർ 17 മുതൽ ഒക്ടോബർ 20 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

 

 

English summary:

Heavy rain likely in the state for the next 4 days; alert issued for 9 districts.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക