മധ്യപ്രദേശിലെ ഛത്തർപൂരിൽ ഒരു കടയുടമ മൂത്രമൊഴിക്കാൻ പോയ തക്കം നോക്കി കടയിൽ നിന്ന് ഏഴ് ലക്ഷം രൂപ മോഷണം പോയി. പട്ടാപ്പകൽ നടന്ന ഈ മോഷണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിയുന്നതിനായി സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന്, മോഷ്ടാവിന് കടയെക്കുറിച്ചും പണം സൂക്ഷിച്ചിരിക്കുന്ന സ്ഥലം എവിടെയാണെന്നതിനെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായിരുന്നു എന്ന് വ്യക്തമാണ്. കടയുടമ ബാത്ത്‌റൂമിലേക്ക് പോയതിന് പിന്നാലെ വളരെ പരിചയമുള്ളതുപോലെ നേരെ കടയിലേക്ക് കയറിയ മോഷ്ടാവ്, പണം ഇരിക്കുന്ന സ്ഥലങ്ങളിൽ മാത്രം തപ്പി. എല്ലാ പണവും എടുത്ത് നിമിഷങ്ങൾക്കുള്ളിൽ ഇയാൾ പുറത്തിറങ്ങി, ഒന്നും സംഭവിക്കാത്തതുപോലെ നടന്നുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ, മുഖം സി.സി.ടി.വിയിൽ പതിയാതിരിക്കാൻ ഇയാൾ തല പരമാവധി താഴേക്ക് പിടിച്ചാണ് നടന്നിരുന്നത്. കടയുടമ നൽകിയ പരാതിയുടെയും സി.സി.ടി.വി. ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് കൂട്ടിച്ചേർത്തു.
അടുത്തിടെയായി സംസ്ഥാനത്ത് മോഷണങ്ങൾ പതിവാകുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അടുത്തിടെ, എയിംസ് ആശുപത്രിയിലെ രക്തബാങ്കിൽ നിന്ന് ഏകദേശം 12 ലക്ഷം രൂപ വിലമതിക്കുന്ന ഫ്രഷ് ഫ്രോസൺ പ്ലാസ്മ (FFP) മോഷണം പോയിരുന്നു. ഈ കേസിൽ അന്വേഷണത്തിനൊടുവിൽ 6 പേരെ അറസ്റ്റ് ചെയ്യുകയും 1,123 യൂണിറ്റ് പ്ലാസ്മയും 8.57 ലക്ഷം രൂപയും കണ്ടെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം ഒരു സംഘം ആളുകൾ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ അതിക്രമിച്ചു കയറി 14 കിലോയിലധികം സ്വർണ്ണവും 5 ലക്ഷം രൂപയും കൊള്ളയടിച്ചതും വലിയ വാർത്തയായിരുന്നു.
English summary:
The owner stepped out of the shop to urinate; subsequently, ₹7 lakh was lost.