Image

ബസിൽ കണ്ടെത്തിയത് മദ്യക്കുപ്പികളൊന്നും അല്ലല്ലോ? വെള്ളക്കുപ്പികൾ സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയതിൽ കെഎസ്ആർടിസിക്കെതിരെ ഹൈക്കോടതി

Published on 16 October, 2025
 ബസിൽ  കണ്ടെത്തിയത് മദ്യക്കുപ്പികളൊന്നും അല്ലല്ലോ?  വെള്ളക്കുപ്പികൾ സൂക്ഷിച്ചതിന് ഡ്രൈവറെ  സ്ഥലം മാറ്റിയതിൽ കെഎസ്ആർടിസിക്കെതിരെ  ഹൈക്കോടതി

കൊച്ചി: ഇത്തരം നിസ്സാരമായ കാര്യത്തിന് സ്ഥലംമാറ്റത്തി​ന്റെ ആവശ്യമുണ്ടോ എന്ന് കെഎസ്ആർടിസിയോട് ഹൈക്കോടതി. വെള്ളക്കുപ്പികൾ സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലംമാറ്റിയ നടപടിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. ബസിന്റെ മുൻവശത്ത് നിന്ന് കണ്ടെത്തിയത് മദ്യക്കുപ്പികളൊന്നും അല്ലല്ലോയെന്നും അച്ചടക്ക വിഷയങ്ങളിൽ എപ്പോഴും സ്ഥലം മാറ്റമാണോ നടപടിയെന്നും എന്നും കോടതി ചോദിച്ചു.

ബസുകൾ വൃത്തിയായി കൊണ്ടുനടക്കാൻ ജീവനക്കാർക്ക് ഉത്തരവാദിത്തമുണ്ടെന്നായിരുന്നു കോടതിയുടെ മറുപടി. അച്ചടക്ക നടപടിക്കുള്ള കെഎസ്ആർടിസിയുടെ അധികാരത്തിൽ സംശയമില്ലെന്ന് പരാമർശിച്ച കോടതി, ഡ്രൈവർ ജൈമോൻ ജോസഫിന്റെ ഹർജി വിധി പറയാനായി മാറ്റി.

ജൈമോൻ ജോസഫ് നൽകിയ ഹർജിയിൽ കെഎസ്ആർടിസി നൽകിയ സത്യവാങ്മൂലത്തിന്റെ വിശദീകരണങ്ങളും വാ​ദങ്ങളുമാണ് പ്രധാനമായും ഇന്ന് കോടതിയിൽ നടന്നത്. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന യാത്രയിൽ ഡ്രൈവർക്ക് ദാഹിക്കുന്നത് സ്വാഭാവികമാണ്. അത്തരം സന്ദർഭങ്ങളിൽ നിരന്തരമായി വാഹനം കടകൾക്ക് മുന്നിൽ നിർത്തുകയെന്നത് യാത്രികർക്ക് കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്തുന്നതിൽ തടസ്സം സൃഷ്ടിക്കുമെന്നതിനാലാണ് സാധാരണ​ഗതിയിൽ വെള്ളം കുപ്പികളിൽ സംഭരിച്ചുവെക്കുന്നതെന്നായിരന്നു ഡ്രൈവർ ജൈമോൻ ജോസഫിന്റെ വാദം. മന്ത്രി ഓടുന്ന ബസ് തടഞ്ഞുവെയ്ക്കുന്നത് മറ്റേതൊരാളും ചെയ്യുന്നത് പോലെ തന്നെ കുറ്റകരമാണെന്നിരിക്കെ മാധ്യമങ്ങളെ വിളിച്ചുകൂട്ടി മന്ത്രി ചെയ്തത് തന്നെ അപമാനിക്കുന്നതിന് തുല്യമാണ്. ഭരണപരമായ സൗകര്യത്തിന് വേണ്ടിയാണ് സ്ഥലംമാറ്റമെന്നാണ് ഉത്തരവിൽ പറയുന്നത്. ഒരു ഡ്രൈവറായ തനിക്ക് അതെങ്ങനെയാണ് സൗകര്യമാകുകയെന്നും ജൈമോൻ ചോദിച്ചു.

ബസുകളിൽ അലക്ഷ്യമായി കുപ്പികൾ വലിച്ചെറിയുന്നതും ജീവനക്കാരുടെ വസ്ത്രങ്ങൾ വിരിച്ചിടുന്നതുമടക്കമുള്ള പ്രവണതകൾ ഇല്ലാതാക്കി സാധാരണക്കാരെ കെഎസ്ആർടിസിയിലേക്ക് കൂടുതലായി ആകർഷിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടിയെന്നായിരുന്നു കെഎസ്ആർടിസിയുടെ മറുപടി.

 സാധാരണ​ഗതിയിൽ ​ഗുരുതരമായ പ്രശ്നങ്ങളിലോ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളിലോ മാത്രമാണ് ജീവനക്കാരെ സ്ഥലം മാറ്റാറുള്ളത്. ഇത്തരമൊരു നിസ്സാരമായ കാര്യത്തിന് സ്ഥലംമാറ്റത്തിന്റെ ആവശ്യമുണ്ടോ എന്നും കോടതി കെഎസ്ആർടിസിയോട് ചോദിച്ചു. കെഎസ്ആർടിസിക്ക് ഒരു പരാതി നൽകിയാൽ മതിയായിരുന്നില്ലേ എന്ന് ഡ്രൈവറോടും കോടതി ചോദ്യമുന്നയിച്ചു. അത്തരമൊരു പരാതി ലഭിക്കുകയാണെങ്കിൽ തീർച്ചയായും പരി​ഗണിക്കുമെന്ന് കെഎസ്ആർടിസിയുടെ അഭിഭാഷകൻ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക