പാലിയേക്കരയിലെ ടോള്‍ പിരിവ് തുടരാന്‍ ഹൈക്കോടതി അനുമതി. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത 544-ലെ പാലിയേക്കരയില്‍ ടോള്‍ പിരിക്കാനുള്ള സ്റ്റേ പിന്‍വലിച്ച ഹൈക്കോടതി തുടര്‍ ഉത്തരവുണ്ടാകുന്നതുവരെ ടോള്‍ നിരക്ക് വര്‍ധിപ്പിക്കരുതെന്ന് കരാറുകാരനു നിര്‍ദേശം നല്കി. സുരക്ഷ പ്രശ്നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്തുമെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിക്ക് ഉറപ്പു നല്കി. ഇക്കാര്യത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോന് എന്നിവര്‍ ജില്ല കലക്ടര്‍ക്കു നിര്‍ദേശം നല്കി. ഹര്‍ജി രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.
ഇന്ന് കേസ് പരിഗണിച്ചപ്പോഴും സര്‍വീസ് റോഡിലെ സുരക്ഷാ പ്രശ്നങ്ങള്‍ അടക്കമുള്ളവ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. റോഡില്‍ താല്‍ക്കാലിക ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം നിലവില്‍ സുഗമമാണെന്ന് ജില്ലാ കലക്ടറും അറിയിച്ചതോടെയാണ് ടോള്‍ പിരിവ് നിര്‍ത്തിവച്ചത് പുനരാരംഭിക്കാന്‍ കോടതി അനുമതി നല്‍കിയത്.
ജനങ്ങള്‍ അനുഭവിക്കുന്ന യാത്രാ ക്ലേശങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും അതുപോലെ തന്നെ അടിപ്പാത നിര്‍മാണം നടക്കുകയും വേണമെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തില്‍ വര്‍ധിപ്പിച്ച ടോള്‍ നിരക്ക് ഈടാക്കാന്‍ അനുവദിക്കാനാവില്ല. കേസില്‍ തീര്‍പ്പാക്കുന്നില്ലെന്നും സുരക്ഷാ പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യമായ സമയങ്ങളില്‍ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
ഉയര്‍ത്തിയ നിരക്കില്‍ പിരിക്കാനാകില്ലെന്നും പഴയ നിരക്കില്‍ മാത്രമേ ടോള്‍ പിരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഹൈക്കോടതി വ്യക്തമാക്കിയതോടെ കോടതി കേസ് തീര്‍പ്പാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി. പത്ത് ദിവസത്തിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കോടതി വീണ്ടും കേസ് പരിഗണിക്കും. പാലിയേക്കരയിലെ എല്ലാ പ്രശ്നങ്ങളും വേഗത്തില്‍ തീര്‍പ്പാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അനന്തമായി ടോള്‍ പിരിവ് തടയാന്‍ കോടതിക്ക് സാധിക്കില്ലെന്നിരിക്കെയാണ് ഇപ്പോഴത്തെ സ്റ്റേ നീക്കിയിരിക്കുന്നത്.